കോഴിക്കോട്: മൂന്നാം ലോക്സഭാ സീറ്റായി മുസ്ലിം ലീഗ് കണ്ണൂർ നോട്ടമിടുമെന്ന റിപ്പോർട്ടുകൾക്കിടെ, സീറ്റ് കൈവിടില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്. പാർട്ടിയുടെ ഉറച്ച സീറ്റ് വിട്ടുകൊടുക്കേണ്ട സാഹചര്യമേയില്ലെന്ന് ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി. യുഡിഎഫിലെ സീറ്റ് ചർച്ചകളിൽ വരും മുമ്പേ അവകാശവാദങ്ങൾക്ക് തടയിടുകയാണ് കോൺഗ്രസ്. മൂന്നാമതൊരു സീറ്റാണ് ഇത്തവണ ലീഗിന്‍റെ ലിസ്റ്റിലുളള പ്രധാന ഡിമാൻഡ്. നേതാക്കളത് തുറന്നുപറയുകയും ചെയ്യുന്നു. മലപ്പുറവും പൊന്നാനിയും കഴിഞ്ഞാൽ കോൺഗ്രസിന്‍റെ കയ്യിലിരിക്കുന്നത് വാങ്ങിയെടുക്കണമെന്നതാണ് വെല്ലുവിളി.
രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ വയനാട് ചോദിക്കാനില്ല. കാസർകോട്, വടകര ,കോഴിക്കോട്, കണ്ണൂർ മണ്ഡലങ്ങളാണ് പിന്നെയുള്ളത്. കണ്ണൂരിലാണ് ലീഗിന്‍റെ കണ്ണെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ പാർട്ടി സംവിധാനവും ഇളകാത്ത യുഡിഎഫ് വോട്ടുകളുമാണ് പ്രതീക്ഷ. കെ.സുധാകരൻ വീണ്ടും മത്സരിക്കാനില്ലെങ്കിൽ കണ്ണൂരിലേക്ക് ഏണിയിടാമെന്ന് ലീഗിന്‍റെ കണക്കുകൂട്ടൽ. എന്നാൽ ലീഗിന്‍റെ ആഗ്രഹത്തിന് മുളയിലേ നുള്ളുകയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം.
കണ്ണൂർ നഗരത്തിലും അഴീക്കോടും ഇരിക്കൂറുമുളള സ്വാധീനമാണ് ലീഗ് അവകാശവാദമുന്നയിക്കാനുള്ള കാരണം. എന്നാൽ ജില്ലയിൽ ഒരു എംഎൽഎ പോലുമില്ലാത്ത ലീഗിന് , വിജയസാധ്യത കൂടുതലുളള മണ്ഡലം വിട്ടുകൊടുക്കാൻ കോൺഗ്രസിന് കഴിയില്ല. വിശാലമനസ്സ് കാണിക്കാൻ നിലവിൽ വകുപ്പുമില്ലെന്നാണ് സൂചന.