34-ാം വയസിൽ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതിനുള്ള കാരണം വെളിപ്പെടുത്തി എ ബി ഡിവില്ലിയേഴ്സ്

0
140

ജൊഹാനസ്ബര്‍ഗ്: കരിയറിലെ ഏറ്റവും മികച്ച ഫോമിലായിട്ടും 34-ാം വയസില്‍ ആരാധകരെ ഞെട്ടിച്ച് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള കാരണം വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. തന്‍റെ വലതുകണ്ണിലെ റെറ്റിനക്ക് ഇളക്കം തട്ടി കാഴ്ച കുറഞ്ഞിരുന്നുവെന്നും ഇടം കണ്ണിലെ കാഴ്ചകൊണ്ടാണ് കരിയറിലെ അവസാന രണ്ട് വര്‍ഷം ക്രിക്കറ്റ് കളിച്ചതെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

വലതുകണ്ണിലെ ശസ്ത്രക്രിയക്കായി ഡോക്ടറെ സമീപിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചത് ഈ കണ്ണുവെച്ച് നിങ്ങള്‍ എങ്ങനെയാണ് ക്രിക്കറ്റ് കളിച്ചത് എന്നാണ്. ഭാഗ്യത്തിന് എന്‍റെ ഇടതു കണ്ണിന് നല്ല കാഴ്ചയുണ്ടായിരുന്നു. വിരമിച്ചശേഷം വീണ്ടും രാജ്യാന്തര ക്രിക്കറ്റില്‍ തിരിച്ചെത്തണമെന്ന് ആഗ്രഹിച്ചുവെങ്കിലും കൊവിഡ് മഹാമാരി വന്നത് തന്‍റെ തീരുമാനം മാറ്റാന്‍ കാരണമായെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

2015ലെ ലോകകപ്പ് സെമി ഫൈനല്‍ തോല്‍വി തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അതില്‍ നിന്ന് മുക്തനാവാന്‍ ഏറെ സമയമെടുത്തുവെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി. ആ തോല്‍വിക്ക് ശേഷം ചെറിയൊരു ഇടവേള കഴിഞ്ഞാണ് ഞാന്‍ വീണ്ടും ദക്ഷിണാഫ്രിക്കക്കായി കളിച്ചത്. എന്നാല്‍ അപ്പോഴേക്കും ടീമിന്‍റെ സംസ്കാരം ആകെ മാറിപ്പോയിരുന്നു. അതിനുശേഷം വിരമിക്കലിനെക്കുറിച്ചുള്ള ചിന്ത മനസിനെ അലട്ടാന്‍ തുടങ്ങി.

ഐപിഎല്ലില്‍ പോലും കളിക്കണെമന്ന ആഗ്രഹം ഇല്ലാതായെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. 2018ല്‍ 34-ാം വയസിലാണ് ഡിവില്ലിയേഴ്സ് അപ്രതീക്ഷിതമായി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കക്കായി 114 ടെസ്റ്റിലും 228 ഏകദിനത്തിലും 78 ടി20 മത്സരങ്ങളിലും ഡിവില്ലിയേഴ്സ് കളിച്ചിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമായിരുന്ന ഡിവില്ലിയേഴ്സ് 2021ലാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇപ്പോള്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം മാനേജ്മെന്‍റിന്‍റെ ഭാഗമാണ് ഡിവില്ലിയേഴ്സ്.

LEAVE A REPLY

Please enter your comment!
Please enter your name here