ദില്ലി: ഗൂഗിൾ പേ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ചില കാര്യങ്ങളിൽ ശ്രദ്ധ വേണമെന്ന് ഓർമിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. സ്ക്രീൻ ഷെയറിങ് ആപ്പുകളോട് ഗുഡ് ബൈ പറയാനാണ് ഗൂഗിൾ തങ്ങളുടെ മുന്നറിയിപ്പിൽ പറയുന്നത്. ഫോണോ ടാബ്‌ലെറ്റോ കമ്പ്യൂട്ടറോ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഉപകരണത്തിന്റെ സ്‌ക്രീനിൽ എന്താണുള്ളതെന്ന് കാണാൻ സ്‌ക്രീൻ ഷെയറിങ് ആപ്പുകൾ മറ്റുള്ളവരെ സഹായിക്കും. ഫോൺ/ലാപ്‌ടോപ്പ്/പിസി എന്നിവയിലെ പ്രശ്നങ്ങൾ വിദൂരമായി പരിഹരിക്കാനാണ് ഈ ആപ്പുകൾ മുൻപൊക്കെ ഉപയോഗിച്ചിരുന്നത്.
സ്‌ക്രീൻ ഷെയർ (Screen Share), എനിഡസ്ക് (AnyDesk), ടീം വ്യൂവർ (TeamViewer) തുടങ്ങിയവയാണ് സ്‌ക്രീൻ ഷെയറിങ് ആപ്പുകളിലുൾപ്പെടുന്നത്. തട്ടിപ്പുകാർക്ക് നിങ്ങളുടെ പേരിൽ ഇടപാടുകൾ നടത്താണോ ഫോൺ നിയന്ത്രിക്കാനോ ഈ ആപ്പുകൾ ഉപയോഗിക്കാനാകും. കൂടാതെ എടിഎം അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ ഇതുവഴി കണ്ടെത്താനുമാകും. ഫോണിലേക്ക് അയച്ച ഒടിപി കാണാനും അക്കൗണ്ടിലെ പണം ട്രാൻസ്ഫർ ചെയ്യാനും ഇത് സഹായിക്കും. തേർഡ് പാർട്ടി ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ ഗൂഗിൾ ആവശ്യപ്പെടില്ല. ഇത്തരം ആപ്പുകൾ ഫോണിൽ ഉണ്ടെങ്കിൽ ഗൂഗിൾ പേ ഉപയോഗിക്കും മുൻപ് അവ ക്ലോസ് ചെയ്യണം.
നിലവിൽ രാജ്യത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന പേയ്മെന്റ് ആപ്പുകളിലൊന്നാണ് ഗൂഗിൾ പേ. ഇതിന്റെ ഏറ്റവും വലിയ വിപണികളിലൊന്ന് കൂടിയാണ് ഇന്ത്യ. വിപണി വിഹിതത്തിന്റെ കാര്യത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കമ്പനി. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന അപ്ഡേഷനും ആക്ടിവിറ്റികളുമാണ് കമ്പനി നടത്തുന്നത്. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി പ്രവർത്തന രഹിതമായ ഗൂഗിൾ അക്കൗണ്ടുകൾ നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്. രണ്ട് വർഷത്തിലധികം ലോഗിൻ ചെയ്യാത്തതോ ഉപയോഗിക്കാത്തതോ ആയ അക്കൗണ്ടുകളും അതിലെ പൂർണ വിവരങ്ങളും നീക്കം ചെയ്യാനാണ് ഗൂഗിളിന്റെ തീരുമാനം. അടുത്ത മാസത്തോടെ അക്കൗണ്ടുകൾ നീക്കം ചെയ്ത് തുടങ്ങും. ജി-മെയിൽ, ഡോക്സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് തുടങ്ങിയ സേവനങ്ങളും ഇതിലുൾപ്പെടുന്നുണ്ട്.