റിയാദ്: സൗദിയിൽ കൊല്ലപ്പെട്ട മണ്ണാര്‍ക്കാട് സ്വദേശി അബ്ദുൾ മജീദ് നാട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോയത് മൂന്ന് മാസം മുൻപ്. മകളുടെ വിവാഹത്തിനായിരുന്നു അവസാനമായി മജീദ് നാട്ടിലെത്തിയത്. ശേഷം തിരികെ പോയ മജീദിന്റെ അന്ത്യയാത്രയായി കൂടി ഇത് മാറി. ദര്‍ബിൽ മുൻ സഹപ്രവര്‍ത്തകനായ ബംഗ്ലാദേശ് പൗരനും ചേര്‍ന്ന് മജീദിനെ കൊലപ്പെടുത്തിയെന്നാണ് സൗദിയിൽ നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തിൽ കുറ്റവാളികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ പൊലീസിന്റെ പിടിയിലാണ്.
സൗദിയിലെ ദർബിൽ 25 വർഷമായി ശീഷക്കട തൊഴിലാളിയായിരുന്നു മണ്ണാർക്കാട് കൂമ്പാറ സ്വദേശിയായ അബ്ദുൽ മജീദ്. 49 വയസായിരുന്നു അദ്ദേഹത്തിന്. സെപ്തംബർ ഒമ്പതാം തീയ്യതിയാണ് മജീദ് നാട്ടിൽ നിന്ന് തിരികെ സൗദിയിലെത്തിയത്. കൂടെ മുൻപ് ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരനാണ് മജീദിനെ കുത്തിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പ്രതി സുഹൃത്തിനൊപ്പം മജീദിനെ കാണാൻ എത്തിയത്. മജീദിനൊപ്പം ഭക്ഷണം കഴിച്ച ശേഷം ഇവര്‍ തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായെന്നാണ് ലഭിക്കുന്ന വിവരം.
മജീദിനൊപ്പം ജോലി ചെയ്യുന്ന ബംഗ്ലാദേശി പൗരൻ അവധിക്ക് നാട്ടിൽ പോയിരുന്നു. ഇയാളുടെ ഒഴിവിൽ മറ്റൊരാളെ പകരം ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാനെന്ന വ്യാജേനയാണ് പ്രതികൾ മജീദിനെ തേടി എത്തിയത്. വാക്കുതര്‍ക്കത്തിന് പിന്നാലെ മജീദിനെ പ്രതികൾ കുത്തുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മജീദ് മരിച്ചു. മൃതദേഹം തുടർ നടപടികൾക്കായി ദർബ് ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.