വാഹനാപകടം: പരിക്കേറ്റവര്‍ക്ക് മൂന്ന് ദിവസത്തേക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

0
112

വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് നിര്‍ണായകമായ ആദ്യത്തെ ഒരു മണിക്കൂര്‍ ഉള്‍പ്പെടെ പരമാവധി മൂന്ന് ദിവസത്തേക്ക് പണരഹിത ചികിത്സ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. പുതിയ മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതികള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമയായി സഹകരിച്ച് അടുത്ത നാല് മാസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കാനാണ് പദ്ധതി.

മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ സെക്ഷന്‍ 162 (1) അനുസരിച്ച് വാഹനാപകടത്തിന് ശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂര്‍ പരിക്കേറ്റ വ്യക്തികള്‍ക്ക് അടിയന്തരവും സൗജന്യവുമായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇതിന് ആവശ്യമായി വരുന്ന ചെലവ് അതാത് സംസ്ഥാനങ്ങളില്‍ ജനറല്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുന്ന കമ്പനികളാണ് വഹിക്കുക.

അപകടം സംഭവിച്ചതിന് ശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂര്‍ ഉള്‍പ്പെടെ പരമാവധി 72 മണിക്കൂര്‍ വരെ ചെലാവാകുന്ന തുകയാണ് ഇത്തരത്തില്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കുന്നത്. ഇതിന് ആവശ്യമായ പദ്ധതി രൂപരേഖ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കണമെന്നും വാഹന ഭേദഗതി നിയമത്തില്‍ പറയുന്നു. നിയമം അടുത്ത മാര്‍ച്ചിനകം നടപ്പാക്കുമെന്നാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം സെക്രട്ടറി അനുരാഗ് ജെയ്ന്‍ പറഞ്ഞത്.

ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്നും 2030-നുള്ളില്‍ അപകടങ്ങള്‍ പകുതിയായി കുറയ്ക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് ഉചിതമായ ചികിത്സ ലഭിക്കുന്നതിന് ഏറ്റവും അടുത്തുള്ള ആശുപത്രികളില്‍ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് സുപ്രീംകോടതിയും ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here