ഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 31 വര്‍ഷം. 1992 ഡിസംബര്‍ ആറിനാണ് സകല നിയമസംവിധാനങ്ങളും നോക്കിനില്‍ക്കെ, കര്‍സേവകര്‍ പള്ളി പൊളിച്ചിട്ടത്.
പള്ളി നിന്നിരുന്ന സ്ഥലത്ത് നിർമിച്ച രാമക്ഷേത്രം ജനുവരി 22-ന് ഉദ്ഘാടനം ചെയ്യുമ്പോൾ, പകരം നൽകിയ സ്ഥലത്ത് പള്ളിയുടെ നിർമാണം ആരംഭിച്ചിട്ടില്ല. ബാബരി വീഴ്ത്തിയതോടെ, പട്ടികയിലുള്ള കൂടുതല്‍ പള്ളികളിന്മേല്‍ അധീശത്വം സ്ഥാപിക്കാനുള്ള വഴികളുമായി മുന്നോട്ട് പോവുകയാണ് സംഘപരിവാര്‍.
ബഹുസ്വര ഇന്ത്യയുടെ നെഞ്ചിലെ മായാത്ത മുറിവാണ് ബാബരി മസ്ജിദ്. ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന രാഷ്ട്രീയ പദ്ധതിക്കൊടുവിലാണ് കോടതിയെ പോലും നോക്കുകുത്തിയാക്കി സംഘപരിവാരം പള്ളിപൊളിച്ചുവീഴ്ത്തിയത്. 31 ആണ് പിന്നിടുമ്പോഴും ആ കൊടുംപാതകത്തിന്‍റെ പേരില്‍ ഒരാളും ശിക്ഷിക്കപ്പെട്ടില്ല. ബാബരി മസ്ജിദ് ആസൂത്രണമോ ക്രിമിനല്‍ ഗൂഢാലോചനയോ തെളിയിക്കാനായില്ലെന്ന് പറഞ്ഞ് പ്രത്യേക കോടതി 32 പ്രതികളെയും വെറുതെവിട്ടു.
രഥയാത്രയും കര്‍സേവാ പദ്ധതിയും അതിലുയര്‍ന്ന അക്രമാഹ്വാനങ്ങളുമൊന്നും ഒരു നിയമത്തിന്റെയും കണ്ണില്‍പ്പെട്ടില്ല.സുപ്രിംകോടതി ഉത്തരവിനെ മറികടന്ന് പള്ളിപൊളിച്ചതിനെതിരെ കൊടുത്ത കോടതിയലക്ഷ്യ ഹരജി പോലും പരമോന്നതനീതിപീഠം നടപടിയില്ലാതെ തീര്‍പ്പാക്കി.