സ്ത്രീകൾക്കെതിരെയുള്ള അതിക്രമം; യുപി ഏറ്റവും മുമ്പിൽ, മഹാരാഷ്ട്ര രണ്ടാമത്

0
141

ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ ഉത്തർപ്രദേശ് ഏറ്റവും മുമ്പിൽ. 75.6 ശതമാനം ചാർജ് ഷീറ്റ് നിരക്കോടെ ഐപിസി, സ്‌പെഷ്യൽ ആൻഡ് ലോക്കൽ നിയമ പ്രകാരം 65743 കേസുകളാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നാലു ശതമാനം വർധനവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമക്കേസുകളിലുണ്ടായി. 2022ലെ ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022ൽ 19 മെട്രോ നഗരങ്ങളിൽ 12.3 ശതമാനം വർധനവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമക്കേസുകളിൽ രേഖപ്പെടുത്തി.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ മഹാരാഷ്ട്രയാണ് യുപിക്ക് പിറകിൽ രണ്ടാമത്. ബിജെപിയും ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗവും ചേർന്ന് ഭരിക്കുന്ന സംസ്ഥാനത്തിൽ 45331 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 80.6 ശതമാനമാണ് ചാർജ്ഷീറ്റ് നിരക്ക്. രാജസ്ഥാനിൽ 45058 കേസുകളാണുള്ളത്. 54 ശതമാനം ചാർജ്ഷീറ്റ് നിരക്കാണുള്ളത്.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ കൂടുതലും ഭർത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരതയിൽപ്പെട്ടവരാണ് (31.4 ശതമാനം). തട്ടിക്കൊണ്ടുപോകൽ 19.2) സ്ത്രീകളെ മനപൂർവം മാനഭംഗപ്പെടുത്തൽ(18.7), ബലാത്സംഗം (7.1) എന്നിങ്ങനെയാണ് ഇതര കേസുകൾ. 2021ൽ ലക്ഷം വനിതകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 64.5 ആയിരുന്നു കുറ്റങ്ങളുടെ നിരക്ക്. എന്നാൽ 2022ൽ അത് 66.4 ശതമാനമായി വർധിച്ചു.

അതേസമയം, ന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി തുടർച്ചയായ മൂന്നാം വർഷവും കൊൽക്കത്തയ്ക്ക്. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ റിപ്പോർട്ടിലാണ് ഈ നേട്ടം. മഹാനഗരങ്ങളിലെ ജനസംഖ്യാടിസ്ഥാനത്തിൽ എത്ര കുറ്റകൃത്യങ്ങളുണ്ടെന്ന് കണക്കാക്കിയാണ് ഈ പദവി നിർണയിച്ചത്. മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസാണ് വെസ്റ്റ് ബംഗാൾ ഭരിക്കുന്നത്.

ഇന്ത്യയുടെ കിഴക്കൻ മഹാനഗരമായ കൊൽക്കത്തയിൽ 2022ൽ ലക്ഷം പേരിൽ 86.5 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പൂനെ (280.7), ഹൈദരാബാദ് (299.2) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. ഇന്ത്യൻ പീനൽ കോഡ് (ഐപിസി), എസ്എൽഎൽ (പ്രത്യേകവും പ്രാദേശികവുമായ നിയമങ്ങൾ) എന്നീ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കോഗ്നിസബിൾ കുറ്റകൃത്യങ്ങളുടെ കണക്കാണ് ഇതിനായി പരിഗണിച്ചിട്ടുള്ളത്.

എൻസിആർബി കണക്ക് പ്രകാരം 2021ൽ ലക്ഷത്തിൽ 103.4 കേസുകളാണ് 2021ൽ രേഖപ്പെടുത്തിയിരുന്നത്. ഇതിൽനിന്ന് 86.5 കുറവ് ഈ വർഷമുണ്ടായി. 2020ൽ 129.5 ആയിരുന്നു കേസുകൾ. 2021ൽ പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ 256.8 ഉം 259.9 കേസുകളാണ് ലക്ഷം പേരിൽ നിന്നുണ്ടായത്. 20 ലക്ഷം ജനസംഖ്യയുള്ള 19 നഗരങ്ങൾക്കിടയിലാണ് റാങ്കിംഗ് നൽകിയത്.

അതേസമയം, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ കൊൽക്കത്തയിൽ വർധനവുണ്ടായി. 2021ൽ 1783 കേസുകളുണ്ടായിരുന്നത് 2020ൽ 1890ആയി വർധിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് കൊൽക്കത്തയിൽ ലക്ഷത്തിൽ 27.1 ആണ്. കോയമ്പത്തൂർ (12.9), ചെന്നൈ (17.1) എന്നിവിടങ്ങളിലേതിനേക്കാൾ കൂടുതലാണിത്. മുൻ വർഷം 45 കൊലപാതക കേസുണ്ടായിരുന്ന കൊൽക്കത്തയിൽ 2022ൽ 34 കേസുകളാണുണ്ടായത്. 2022ൽ 11 ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2021ലും ഇത്രതന്നെ ബലാത്സംഗക്കേസുകളാണുണ്ടായിരുന്നത്. ‘2022ൽ ഇന്ത്യയിലെ കുറ്റകൃത്യങ്ങൾ’ എന്ന എൻസിആർബി റിപ്പോർട്ട് 36 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും കേന്ദ്ര ഏജൻസികളിൽനിന്നുമുള്ള കണക്കുകൾ പ്രകാരം തയ്യാറാക്കിയതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here