ലോകത്തിന്റെ ജലക്ഷാമം പരിഹരിക്കാൻ യുഎഇ; ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യ ദരിദ്ര രാജ്യങ്ങളിൽ എത്തിക്കും

0
145

ദുബൈ: ലോകത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കാൻ ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യയിലെ അറിവും അനുഭവവും പങ്കിടുമെന്ന് യുഎഇ. ദുബൈയിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി COP28 ന്റെ ഭാഗമായാണ് യുഎഇയുടെ പ്രഖ്യാപനം. ക്ലൗഡ് സീഡിംഗ് രംഗത്ത് ഏറെ മുന്നേറിയ രാജ്യത്തിന്റെ പിന്തുണ ജലക്ഷാമം നേരിടുന്ന ദരിദ്ര രാജ്യങ്ങൾക്ക് ഗുണകരമാകും.

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒമർ അൽ യസീദിയാണ് ക്ലൗഡ് സീഡിംഗ് നടത്താൻ യുഎഇ സന്നദ്ധമാണെന്ന കാര്യം മാധ്യമങ്ങളോട് പങ്കുവെച്ചത്. ദുർബ്ബല രാജ്യങ്ങളിലെ ജലസുരക്ഷാ പരിഹാരങ്ങൾക്കായി 150 മില്യൺ ഡോളർ പുതിയ ഫണ്ടിംഗ് അനുവദിക്കുമെന്ന് യുഎഇ ശനിയാഴ്ച നടത്തിയ പ്രതിജ്ഞയെ തുടർന്നാണ് പ്രഖ്യാപനം. ആഗോളതാപനത്തിന്റെ വെല്ലുവിളികളെ നേരിടാൻ ജലവിദഗ്ധർ സജീവമായി പങ്കെടുക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ യുഎഇയുടെ അജണ്ടയിൽ വെള്ളമാണ് ഒന്നാമത്.

രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇ മഴ വർധിപ്പിക്കുന്ന ശാസ്ത്രത്തിൽ മുൻപന്തിയിലാണെന്നും രാജ്യത്തിന്റെ വാർഷിക മഴ വർധിപ്പിക്കാനും സമുദ്രജല ശുദ്ധീകരണത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും ക്ലൗഡ് സീഡിംഗ് സഹായിച്ചിട്ടുണ്ടെന്നും അൽ യസീദി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷം, യുഎഇ 311 ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളാണ് നടത്തിയത്. ഇതിനായി ഏകദേശം 1,000 മണിക്കൂർ ആണ് ആകാശത്ത് പറന്നത്. അൽ യസീദിയുടെ അഭിപ്രായത്തിൽ, സമുദ്രജലത്തെ ശുദ്ധീകരിക്കുന്നതിനേക്കാൾ വളരെ വിലകുറഞ്ഞതാണ് ക്ലൗഡ് സീഡിംഗ്. ക്ലൗഡ് സീഡിംഗിലൂടെ ഉൽപ്പാദിപ്പിക്കുന്ന ഒരു ക്യുബിക് മീറ്റർ ജലത്തിന് ചെലവ് വരുന്നത് 1 ഫിൽ മാത്രമാണ്. അതേ അളവിലുള്ള ജലം ഡീസാലിനേറ്റ് ചെയ്യാൻ ആവശ്യമായി വരുന്നത് ആകട്ടെ 60 ഫിൽസാണ്.

LEAVE A REPLY

Please enter your comment!
Please enter your name here