വോട്ടെണ്ണല്‍ തുടങ്ങി; നിര്‍ണായക ജനവിധി; ആദ്യ ഫലസൂചന ഉടന്‍

0
98

നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യഘട്ടത്തില്‍ എണ്ണുന്നത്. കനത്തസുരക്ഷയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. നാല് സംസ്ഥാനങ്ങളിലായി പതിനേഴ് കോടിയിലധികം ജനങ്ങളാണ് വിധിയെഴുതിയത്. മധ്യപ്രദേശില്‍ ഭരണത്തുടര്‍ച്ചയ്ക്ക് ബിജെപിയും തിരിച്ചുവരവിന് കോണ്‍ഗ്രസും തയ്യാറെടുക്കുകയാണ്. എക്സിറ്റ് പോളുകള്‍ ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്.

രാജസ്ഥാനില്‍ ബിജെപി ഭരണം പിടിക്കുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിക്കുമ്പോള്‍ ഭരണം നിലനിര്‍ത്തുമെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ പ്രഖ്യാപനം. ഛത്തീസ്ഗഡില്‍ ഭരണം നിലനിര്‍ത്തുമെന്ന് ഭൂപേഷ് ബാഗലും കോണ്‍ഗ്രസും പറയുമ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. അതേസമയം എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് അനുകൂലവിധിയാണ് പ്രവചിച്ചിരിക്കുന്നത്. ജയിക്കുന്ന സ്ഥാനാര്‍ഥികള്‍ പിസിസി ഓഫിസിലെത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശം നല്‍കി. ജയിക്കുന്നവരെ സുരക്ഷിതമായി താമസിപ്പിക്കാന്‍ റിസോര്‍ട്ടുകളും ബുക്ക് ചെയ്തിട്ടുണ്ട്.

സങ്കീര്‍ണമാണ് തെലങ്കാനയിലെ രാഷ്ട്രീയചിത്രം. എക്സിറ്റ്പോളുകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചതിന് പിന്നാലെ റിസോര്‍ട്ടുകള്‍ സജ്ജമാക്കിയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. രാവിലെ ഹൈദരാബാദില്‍ എത്താന്‍ എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും നിര്‍ദേശം നല്‍കി. രാഹുല്‍ഗാന്ധി വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ ഡി.കെ.ശിവകുമാറും തെലങ്കാനയിലെ നേതാക്കളും പങ്കെടുത്തു. തൂക്കുസഭയാണ് വരുന്നതെങ്കില്‍  ശിവകുമാറിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താനാണ് പദ്ധതി.

മധ്യപ്രദേശിലെ 230, ചത്തീസ്ഗഡിലെ 90, തെലങ്കാനയിലെ 119, രാജസ്ഥാനിലെ 199 ഉം സീറ്റുകളിലെ ജനവിധിയാണ് മണിക്കൂറുകൾക്കുള്ളിൽ അറിയുക. സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് രാജസ്ഥാനിലെ ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റി വച്ചിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ആര്‍.എല്‍.പി ശ്രമം തുടങ്ങി.  മധ്യപ്രദേശ് നിലനിർത്തുന്നിനൊപ്പം രാജസ്ഥാൻ കൂടി പിടിച്ചെടുത്ത് ഹിന്ദി ഹൃദയ ഭൂമിയിൽ ആധിപത്യം ഉറപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാൽ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം നിലനിർത്തുകയും മധ്യപ്രദേശ് പിടിച്ചെടുത്ത് തെലങ്കാനയിൽ അട്ടിമറി ജയം നേടി ഇന്ത്യാ മുനണിയുടെ കരുത്ത് കാട്ടുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here