മംബൈ: ഐപിഎല്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവരുമ്പോള്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരങ്ങളില്‍ കേദാര്‍ ജാദവും ഉമേഷ് യാദവും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വര്‍ഷങ്ങളായി പുറത്ത് നില്‍ക്കുന്ന കേദാര്‍ ജാദവിന് രണ്ട് കോടി രൂപയാണ് അടിസ്ഥാനവിലയിട്ടിരിക്കുന്നത്.കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കേദാറിനെ ആരും സ്വന്തമാക്കിയിരുന്നില്ല.
എന്നാല്‍ ഐപിഎല്ലിലനെ റോയല്‍ ചലഞ്ചേഴ്സ് താരമായിരുന്നു ഇംഗ്ലണ്ട് പേസര്‍ ഡേവിഡ് വില്ലിക്ക് പരിക്കേറ്റതോടെ പകരക്കാരനായി ആര്‍സിബി മുന്‍ ഓള്‍ റൗണ്ടറെ ടീമിലെടുത്തിരുന്നു. ഒരു കോടി രൂപക്കായിരുന്നു ആര്‍സിബിക്കുവേണ്ടി മുമ്പ് 17 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കേദാറിനെ ടീമിലെടുത്തത്. ഇന്ത്യക്കായി 73 ഏകദിനങ്ങളിലും ഒമ്പത് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള 39കാരനായ കേദാര്‍ ഇത്തവണ വീണ്ടും ആര്‍സിബി കുപ്പായം അണിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇന്ത്യൻ ടീമില്‍ നിലവില്‍ ഇടമില്ലാത്ത പേസര്‍ ഉമേഷ് യാദവിനും രണ്ട് കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മാത്രമാണ് സമീപകാലത്ത് ഉമേഷിനെ പരിഗണിച്ചത്. 2022ലെ ഐപിഎല്‍ ലേലത്തില്‍ രണ്ട് കോടി രൂപക്കാണ് ഉമേഷിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.
റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു ഒഴിവാക്കിയ മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേലാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയിട്ടിരിക്കുന്ന മറ്റൊരു ഇന്ത്യന്‍ താരം. 10.75 കോടി രൂപക്കായിരുന്നു ഹര്‍ഷല്‍ പട്ടേലിനെ 2022ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്.
രണ്ട് കോടി രൂപ അടിസ്ഥാന വിലയിട്ടിരിക്കുന്ന മറ്റൊരു ഇന്ത്യന്‍ താരം പേസര്‍ ഷാര്‍ദ്ദുല്‍ താക്കൂറാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ താക്കൂറിനെ ഈ സീസണില്‍ ടീം ഒഴിവാക്കിയിരുന്നു.10.75 കോടിക്കാണ് ഷാര്‍ദ്ദുലിനെ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത സ്വന്തമാക്കിയത്. ഓള്‍ റൗണ്ടറെന്ന നിലയില്‍ ടീമിലെത്തിയ ഷാര്‍ദ്ദുല്‍ ഒരു അതിവേഗ ഫിഫ്റ്റി മാത്രമാണ് സീസണില്‍ നേടിയത്.
ഡിസംബര്‍ 19ന് നടക്കുന്ന ഐപിഎല്‍ ലേലത്തിനായി 1166 കളിക്കാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇതില്‍ 909 അണ്‍ ക്യാപ്‍ഡ് കളിക്കാരുണ്ട്. ഇവരില്‍ 812 പേരും ഇന്ത്യന്‍ താരങ്ങളാണ്. ഇന്ത്യന്‍ ക്യാപ് അണിഞ്ഞ 18 താരങ്ങളാണ് ലേലത്തിനുള്ളത്.