ബംഗലുരു: ബംഗലുരുവില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് 15 സ്വകാര്യ സ്‌കൂളുകള്‍ ഒഴിപ്പിച്ചു. സ്‌കൂള്‍ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് വെള്ളിയാഴ്ച്ച രാവിലെയാണ് ഇ-മെയില്‍ വഴി സന്ദേശമെത്തിയത്. ഉടന്‍ തന്നെ പൊലിസും, ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിക്കുകയും പരിശോധന നടത്തുകയും ചെയ്തു. പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബംഗലുരു പൊലിസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു.
സ്ഥാപനത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ചിട്ടുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാമെന്നുമാണ് സ്‌കൂള്‍ അഡമിനിസ്‌ട്രേറ്റര്‍മാര്‍ക്ക് സന്ദേശമെത്തിയത്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വസതിക്ക് സമീപമുള്ള സ്‌കൂളിന് ഉള്‍പ്പെടെയാണ് സന്ദേശമെത്തിയത്. വ്യത്യസ്തമായ ഐ.പികളില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്.