ലഖ്‌നൗ (ഉത്തര്‍പ്രദേശ്): സോഷ്യല്‍ മീഡിയ താരം തട്ടിപ്പുകേസില്‍ അറസ്റ്റില്‍. ഒന്‍പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജീത് മൗര്യയെയാണ് ഡല്‍ഹി സരോജിനി നഗര്‍ പോലീസ് അറസ്റ്റുചെയ്തത്. രണ്ട് ഭാര്യമാരും ഒന്‍പത് കുട്ടികളും ആറ് കാമുകിമാരുമുള്ള ഇയാള്‍ അവര്‍ക്കൊപ്പം ആഡംബര ജീവിതം നയിക്കാനാണ് തട്ടിപ്പുകള്‍ നടത്തിവന്നതെന്ന് പോലീസ് പറയുന്നു. ഭാര്യമാരിലൊരാളോടൊപ്പം പുതുവത്സരം ആഘോഷിക്കാനായി വിദേശത്തേക്ക് പറക്കാനിരിക്കെയാണ് അജീതിനെ പോലീസ് അറസ്റ്റുചെയ്തത്.
ആറാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച അജീത് സമൂഹമാധ്യമങ്ങളിലൂടെ റീലുകള്‍ ചെയ്ത് പ്രശസ്തി നേടി. നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുള്ള ഇയാള്‍ക്കെതിരെ ഒന്‍പത് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
മണിചെയ്ന്‍, പണം ഇരട്ടിപ്പിക്കല്‍, വ്യാജനോട്ട് പ്രചരിപ്പിക്കല്‍, ഇന്‍ഷൂറന്‍സ് തട്ടിപ്പ് തുടങ്ങിയ നിരവധി കേസുകളില്‍ അജീത് പ്രതിപ്പട്ടികയിലുണ്ട്. ധര്‍മേന്ദ്ര കുമാര്‍ എന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അജീതിനെ പോലീസ് പിടികൂടിയത്. പണം ഇരട്ടിപ്പിച്ചുതരാമെന്ന് പറഞ്ഞ് അജീത് ധര്‍മേന്ദ്രയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
നിരവധി തട്ടിപ്പുകള്‍ നടത്തി ഇതിനോടകം അജീത് രണ്ട് വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇവിടെയാണ് രണ്ട് ഭാര്യമാര്‍ ജീവിക്കുന്നത്. ആര്‍ഭാടജീവിതമാണ് ഇവര്‍ നയിക്കുന്നത്. അജീതിന് ആറുകാമുകിമാരുണ്ടെന്നും ദീര്‍ഘയാത്രയ്ക്ക് പോകുമ്പോള്‍ ഇയാള്‍ കാമുകിമാരോടൊപ്പമാണ് സഞ്ചരിക്കുന്നതെന്നും പോലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ പെണ്‍കുട്ടികളുമായി ബന്ധം സൃഷ്ടിക്കുന്നത്.