കൊല്‍ക്കത്ത: അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ് ടീമിലെത്താന്‍ യുവതാരങ്ങളുടെ കൂട്ടയിടിയാണ് ഇന്ത്യന്‍ ടീമില്‍. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ അവസരം ലഭിച്ച യുവതാരങ്ങളായ റുതുരാജ് ഗെയ്ക്‌വാദും യശസ്വി ജയ്‌സ്വാളും ഇഷാന്‍ കിഷനുമെല്ലാം വെടിക്കെട്ട് ബാറ്റിംഗിലൂടെ തിളങ്ങുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയും രോഹിത് ശര്‍മയുമില്ലെങ്കില്‍ അത് വലിയ മണ്ടത്തരമാകുമെന്ന് തുറന്നു പറയുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍.
രോഹിത്തും കോലിയും ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളാണ്. വലിയ മത്സരങ്ങളില്‍ മികവ് കാട്ടുന്നവര്‍. അങ്ങനെയുള്ള കളിക്കാരെ ഞാനാണെങ്കില്‍ ലോകകപ്പില്‍ ഉറപ്പായും കളിപ്പിക്കും. കാരണം ഇന്ത്യന്‍ ക്രിക്കറ്റിനായി അത്രയേറെ സംഭാവനകള്‍ നല്‍കിയവരാണവര്‍. സച്ചിനൊപ്പം പരിഗണിക്കാവുന്ന രണ്ട് താരങ്ങള്‍. അവരെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ അത് വലിയ നീതികേടും മണ്ടത്തരവുമാകുമെന്നും അബുദാബി ടി10 ലീഗില്‍ ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്സിനായി കളിക്കുന്ന റസല്‍ പറഞ്ഞു.
2022ലെ ടി20 ലോകകപ്പിനുശേഷം ഇന്ത്യക്കായി ട20 ക്രിക്കറ്റില്‍ കളിക്കാത്ത രോഹിത്തിനോട് അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെ ക്യാപ്റ്റനായി തുടരാന്‍ ബിസിസിഐ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും ലണ്ടനില്‍ അവധി ആഘോഷിക്കുന്ന രോഹിത് ഇതുവരെ മനസ് തുറന്നിട്ടില്ല. കോലിയാകട്ടെ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ വൈറ്റ് ബോള്‍ സീരീസില്‍ നിന്ന് വിശ്രമം ആവശ്യപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത ടി20 ലോകകപ്പില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള യുവനിരയാകും ഇന്ത്യക്കായി ഇറങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ കളിക്കാന്‍ സാധ്യതയില്ല.