മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കാട്ടില്‍ നിന്നും നഗരങ്ങളോളം വ്യാപിച്ചു കഴിഞ്ഞു. മൃഗങ്ങളുടെ ആവാസവ്യസഥയിലുണ്ടായ ഗണ്യമായ നഷ്ടം അവയെ മനുഷ്യവാസ പ്രദേശങ്ങളിലേക്ക് കടന്നുകയറാന്‍ പ്രേരിപ്പിച്ചു. കാട് എന്നതിനപ്പുറം ഓരോ പ്രദേശത്തും പ്രാദേശികമായ മൃഗങ്ങളുണ്ടായിരിക്കും ഇവയുടെ ചെറിയ വാസപ്രദേശങ്ങള്‍ പോലും നഷ്ടപ്പെടുമ്പോള്‍ അവ മനുഷ്യ ഇടങ്ങളിലേക്ക് ഇര പിടിക്കാനിറങ്ങുന്നു. പാമ്പുകളാണ് എവിടെയും കണ്ടെത്താവുന്ന വിഷമുള്ള മൃഗങ്ങളില്‍ ഏറ്റവും ഭയക്കേണ്ടവ. അവയെ എപ്പോള്‍, എവിടെ വേണമെങ്കിലും കണ്ടെത്താം. വിഷമുള്ള പാമ്പുകള്‍ കേരളത്തില്‍ ഏതാണ്ടെല്ലാ പ്രദേശത്തുമുണ്ട്. ചെറിയൊരു അശ്രദ്ധ ചിലപ്പോള്‍ നമ്മുടെ ജീവന് തന്നെ അപകടമുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോ ഏവരുടെയും കാഴ്ചയിലുടക്കി.
വീഡിയോയില്‍ ഹെല്‍മറ്റിനുള്ളില്‍ നിന്നും ഒരു മൂര്‍ഖന്‍ കൊത്താനായി ആയുന്നത് കാണാം. പെട്ടെന്ന് ഉള്ളില്‍ ഒരാന്താലായി വീഡിയോ മാറുന്നു. d_shrestha10 എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ ഹെല്‍മറ്റിനുള്ളിലേക്ക് പാമ്പിനെ കാണാനായി മൊബൈല്‍ കൊണ്ട് പോകുമ്പോള്‍, പാമ്പ് ഒരു നിമിഷം തന്‍റെ വിഷം ചീറ്റുന്നു. ഈ ശബ്ദം തന്നെ ഭയപ്പെടുത്തുന്നതാണ്. വീഡിയോയില്‍ കുട്ടികളുടേതടക്കമുള്ള ശബ്ദങ്ങള്‍ ഈ നിമിഷം ഭയന്ന് പോകുന്നതും കേള്‍ക്കാം. പത്തി വിടര്‍ത്തിയ പാമ്പിന്‍റെ നിറവും ഹെല്‍മറ്റിന്‍റെ ഉള്‍വശവും ഏതാണ്ട് ഒരു പോലെയാണ്. പെട്ടെന്ന് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം വ്യക്തമാകില്ല. അശ്രദ്ധമായി ഹെല്‍മറ്റ് എടുക്കാന്‍ കൈ കൊണ്ട് പോകുമ്പോഴാകും പാമ്പിന്‍റെ കൊത്തേല്‍ക്കേണ്ടി വരിക.
വീടിന് പുറത്തോ, ബോക്കിന് മുകളില്‍ അലക്ഷ്യമായ ഹെല്‍മറ്റുകള്‍, പ്രത്യേകിച്ചും രാത്രികാലങ്ങളില്‍ വയ്ക്കുമ്പോഴാണ് ഇത്തരത്തില്‍ ഇഴജന്തുക്കള്‍ ഹെല്‍മറ്റുകളില്‍ കയറുന്നത്. അതുകൊണ്ട് തന്നെ ഹെല്‍മറ്റുകളെടുക്കുമ്പോള്‍ അല്പം ശ്രദ്ധ നല്‍കുന്നത് നന്നായിരിക്കും. വീഡിയോ ഉത്തരേന്ത്യയില്‍ നിന്നാണെങ്കിലും കഴിഞ്ഞ ഒക്ടോബറില്‍ തൃശൂർ സ്വദേശിയായ സോജൻ, ജോലി സ്ഥലത്ത് സ്കൂട്ടറില്‍ പാര്‍ക്ക് ചെയ്ത ഹെല്‍മറ്റിലും ഇത്തരത്തില്‍ പാമ്പ് കയറിയിരുന്നു. പിന്നീട് പാമ്പ് സന്നദ്ധപ്രവർത്തകനായ ലിജോയുടെ സഹായത്തോടെയാണ് പാമ്പിനെ പിടികൂടിയത്. ഇതിന്‍റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വീടിന് പുറത്തോ, അടച്ചുറപ്പില്ലാത്ത തുറസായ സ്ഥലങ്ങളിലോ ഷൂ, ഹെല്‍മറ്റ്, ബാഗുകള്‍ എന്നിവ വയ്ക്കുമ്പോള്‍ ഇനിയെങ്കിലും സൂക്ഷിക്കുക. ഇത്തരം വസ്തുക്കള്‍ തിരിച്ചെടുക്കുമ്പോള്‍ അല്പം ശ്രദ്ധിച്ചാല്‍ വലിയൊരു ആപത്തില്‍ നിന്നും രക്ഷപ്പെടാം.