കെഎസ്‌യു പ്രവര്‍ത്തകന്റെ കഴുത്ത് ഞെരിച്ച സംഭവം; ഡിസിപിയോട് നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷന്‍

0
158

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിന് നേരെ കരിങ്കൊടി കാട്ടാന്‍ എത്തിയ കെഎസ്‌യു പ്രവര്‍ത്തകരുടെ കഴുത്ത് ഞെരിച്ച സംഭവത്തില്‍ ഡിസിപി കെ ഇ ബൈജുവിനോട് നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. കെ എസ് യു വിന്റെ പരാതിയിലാണ് നടപടി. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്‍കി.

നവ കേരള സദസുമായി കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടാനെത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഡിസിപി കെ ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് ബലപ്രയോഗം നടത്തിയത്. കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനില്‍ ആയിരുന്നു പ്രതിഷേധം. ഫിസിക്കല്‍ എഡുക്കേഷന്‍ യൂണിറ്റ് പ്രസിഡന്റ് ജോയല്‍ ആന്റണിക്ക് ഇതിനിടെ പരിക്കേറ്റിരുന്നു.

സംഭവത്തില്‍ കോഴിക്കോട് ഡിസിപി കെ ഇ ബൈജുവിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പൊലീസ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ മനുഷ്യാവകാശ കമ്മീഷന് കെഎസ്യു പരാതി നല്‍കി. ഈ പരാതിയിലാണ് കെ ഇ ബൈജുവിനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനുള്ള മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴസണ്‍ ബൈജുനാഥിന്റെ നിര്‍ദ്ദേശം.

ദേശീയ മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലൈന്റ്‌റ് അതോറിറ്റിക്കും കെഎസ്യു പരാതി നല്‍കിയിട്ടുണ്ട്. ആരോപണ വിധേയനായ കെ ഇ ബൈജുവിനെതിരെ വകുപ്പുതല നടപടിയെടുക്കണം ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും യൂത്ത് കോണ്‍ഗ്രസും വരും ദിവസങ്ങളില്‍ പ്രതിഷേധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here