900 നിയമവിരുദ്ധ ഗർഭഛിദ്രം; കർണാടകയിൽ ഡോക്ടർ അറസ്റ്റിൽ

0
143

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 900 ഓളം അനധികൃത ഗർഭഛിദ്രങ്ങൾ നടത്തിയ ഡോക്ടർ അറസ്റ്റിൽ. ബെംഗളൂരു പൊലീസാണ് ഡോക്ടറെയും ലാബ് ടെക്നീഷ്യനെയും പിടികൂടിയത്. ഇവർ ഓരോ ഗർഭഛിദ്രത്തിനും 30,000 രൂപ വീതം ഈടാക്കിയിരുന്നതായി പൊലീസ് കണ്ടെത്തി. കേസിൽ രണ്ടുപേരെ ഈ മാസം കസ്റ്റഡിയിലെടുത്തിരുന്നു.

കഴിഞ്ഞ മാസമാണ് ലിംഗനിർണ്ണയം-പെൺ-ഭ്രൂണഹത്യ റാക്കറ്റിനെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിക്കുന്നത്. മൈസൂരുവിനടുത്തുള്ള മാണ്ഡ്യയിൽ സ്ത്രീയെ ഗർഭച്ഛിദ്രത്തിനായി കാറിൽ കൊണ്ടുപോകുന്നതിനിടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

മാണ്ഡ്യയിലെ ഒരു അൾട്രാസൗണ്ട് സ്കാൻ സെന്ററിൻ്റെ മറവിലായിരുന്നു റാക്കറ്റിന്റെ പ്രവർത്തനം. സാധുവായ അംഗീകാരമോ മറ്റ് ഔദ്യോഗിക രേഖകളോ ഇല്ലാതെയാണ് കേന്ദ്രം അനധികൃതമായി പ്രവർത്തിച്ചിരുന്നത്. പിന്നീട് പൊലീസ് സംഘം മെഷീൻ പിടിച്ചെടുത്തു. തുടർ അന്വേഷണത്തിലാണ് മൈസൂരു നഗരത്തിലെ ഒരു ആശുപത്രിയുടെ പങ്ക് പൊലീസ് കണ്ടെത്തുന്നത്.

ആശുപത്രി മാനേജർ മീന, റിസപ്ഷനിസ്റ്റ് റിസ്മ ഖാൻ എന്നിവരെ ഈ മാസം കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഡോക്ടറെയും ലാബ് ടെക്നീഷ്യനെയും പിടികൂടുന്നത്. 900 ഓളം അനധികൃത ഗർഭഛിദ്രങ്ങൾ കുറ്റാരോപിതനായ ഡോക്ടർ തന്റെ കൂട്ടാളികളുമായി ചേർന്ന് നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഓരോ ഗർഭഛിദ്രത്തിനും 30,000 രൂപയാണ് ഈടാക്കുന്നത്. റാക്കറ്റുമായി ബന്ധമുള്ള കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here