175 സ്ക്രീൻ, ഹൗസ് ഫുൾ ഷോകൾ; ആദ്യദിനത്തെക്കാൾ നേട്ടം കൊയ്തോ ‘കാതൽ’ ? ഇതുവരെ നേടിയത്

0
86

ഇന്നത്തെ കാലത്ത് മൗത്ത് പബ്ലിസിറ്റിയാണ് ഒരു സിനിമയുടെ ഏറ്റവും വലിയ വിജയം എന്ന് പറയുന്നത്. അത് കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. സമീപകാലത്ത് ഇത്തരത്തിൽ മൗത്ത് പബ്ലിസിറ്റി കൊണ്ട് വിജയിച്ച ഒരുപിടി സിനിമകൾ മലയാളത്തിൽ ഉണ്ട്. അക്കൂട്ടത്തിലെ അവസാന ചിത്രം ആയിരിക്കുകയാണ് കാതൽ-ദ കോർ. മാത്യു ദേവസിയായി ഇതുവരെ കാണാത്ത കഥാപാത്രത്തിൽ മമ്മൂട്ടി എത്തിയ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസയ്ക്ക് ഒപ്പം ബോക്സ് ഓഫീസിലും കസറുന്ന കാഴ്ചയാണ് കാണുന്നത്. 

നവംബർ 23നാണ് ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ കാതൽ റിലീസ് ചെയ്തത്. ആദ്യ ഷോ മുതൽ മികച്ച പ്രകടനം നേടിയ ചിത്രം രണ്ട് ദിവസത്തിൽ നേടിയ കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. റിലീസ് ചെയ്ത് രണ്ടാം ദിവസമായ ഇന്നലെ മാത്രം കാതൽ നേടിയത് 1.18 കോടിയാണ്. കേരള ബോക്സ് ഓഫീസ് കളക്ഷനാണിത്. റിലീസ് ദിനം നേടിയത് 1.05 കോടിയാണ്. ഇതോടെ രണ്ട് ദിനത്തിൽ മമ്മൂട്ടി ചിത്രം സ്വന്തമാക്കിയിരിക്കുന്നത് 2.23കോടിയാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. 

ഇന്നും നാളെയും അവധി ദിവസങ്ങളായതിനാൽ(ശനി, ഞായർ) ബോക്സ് ഓഫീസിൽ മികച്ചൊരു മുന്നേറ്റം തന്നെ കാതലിന് ഉണ്ടാകുമെന്നാണ് വിലയിരുത്തലുകൾ. അതേസമയം, ആദ്യദിനം 150 തിയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തതെങ്കിൽ രണ്ടാം ദിനം ആയപ്പോഴേക്കും അത 175 സ്ക്രീനുകൾ ആക്കിയിരുന്നു. വരും ദിവസങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇനിയും സ്ക്രീനുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായേക്കാം.

അതേസമയം, കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം 80 കോടിക്ക് മേല്‍ നേടിയെന്നാണ് കണക്കുകള്‍ പറയുന്നത്. മമ്മൂട്ടി കമ്പനി തന്നെയാണ് കാതലും കണ്ണൂര്‍ സ്ക്വാഡും നിര്‍മിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here