ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയില്‍നിന്നും തനിക്കു ലഭിക്കുന്ന മികച്ച പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തി മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. എല്ലായ്പ്പോഴും തനിക്കു അടുത്തേക്കു വരികയും കാര്യങ്ങള്‍ തിരക്കുകയും പ്രകടനത്തെ അഭിനന്ദിക്കുകയുമെല്ലാം ചെയ്തിട്ടുള്ളയാളാണ് രോഹിത്തെന്നു സഞ്ജു വ്യക്തമാക്കി.
എന്റെയടുത്തേക്ക് വരികയും സംസാരിക്കുകയും ചെയ്യുന്ന ആദ്യത്തെയോ, രണ്ടാമത്തെയോ വ്യക്തി രോഹിത് ഭായ് ആയിരിക്കും. ഹേയ് സഞ്ജു, എന്താക്കെയുണ്ട്? നീ ഐപിഎല്ലില്‍ നന്നായി കളിച്ചു. പക്ഷെ മുംബൈ ഇന്ത്യന്‍സിനെതിരേ ഒരുപാട് സിക്സറുകളടിച്ചു. നീ വളരെ നന്നായി ബാറ്റ് ചെയ്തുവെന്നായിരുന്നു അദ്ദേഹം ഒരിക്കല്‍ പറഞ്ഞത്. എനിക്കു അദ്ദേഹത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണ വളരെ വലുതാണ് സഞ്ജു ധന്യ വര്‍മ്മയുമായുള്ള അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു.
ഭാഗ്യമില്ലാത്ത ക്രിക്കറ്ററെന്നാണ് ആളുകള്‍ എന്നെക്കുറിച്ച് പറയുന്നത്. ഞാന്‍ അങ്ങനെ ഒരിക്കലും കരുതുന്നില്ല. ഇപ്പോള്‍ ഞാന്‍ എത്തി നില്‍ക്കുന്ന ഇടമെന്നതു പ്രതീക്ഷിച്ചതിനേക്കാള്‍ എത്രയോ മുകളിലാണ് സഞ്ജു കൂട്ടുച്ചേര്‍ത്തു.
ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള സ്‌ക്വാഡിലേക്ക് സഞ്ജു സാംസണിനെ പരിഗണിക്കാതിരുന്നത് ആരാധകരെ സംബന്ധിച്ച് ഒരു ഞെട്ടലായിരുന്നു. യുവനിരയ്ക്ക് പ്രധാന്യം നല്‍കിയ ടീമില്‍ ഉള്‍പ്പെടാന്‍ സഞ്ജു എന്തുകൊണ്ടും യോഗ്യനായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.