‘പണി വരുന്നുണ്ട് അവറാച്ചാ’; ബ്രസീലിന് മാത്രമല്ല, അര്‍ജന്‍റീനയ്‌ക്കെതിരെയും നടപടിക്ക് ഫിഫ

0
123

റിയോ ഡി ജനീറോ: ഫിഫ ലോകകപ്പ് 2026 യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍-അര്‍ജന്‍റീന മത്സരം സംഘര്‍ഷത്തിന് വഴിമാറിയതിലും മത്സരം വൈകി ആരംഭിച്ചതിലും അന്വേഷണവുമായി ഫിഫ. ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനെതിരെ ശക്തമായ നടപടി വരുമെന്ന് നേരത്തെ സൂചന പുറത്തുവന്നിരുന്നെങ്കിലും അര്‍ജന്‍റീനയും ഫിഫയുടെ ശിക്ഷ നേരിടേണ്ടിവരും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍-അര്‍ജന്‍റീന മത്സരം നിശ്ചിത സമയത്തിനും അര മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. മാറക്കാനയിൽ മത്സരം തുടങ്ങും മുമ്പ് ദേശീയഗാനത്തിനിടെ അർജന്‍റൈൻ ആരാധകരെ ബ്രസീലിയൻ ആരാധകർ ആക്രമിച്ചതോടെയായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. ഇരു ഫാന്‍സും തമ്മില്‍ കൊമ്പുകോര്‍ത്തതോടെ ഗ്യാലറിയിലെ രംഗം ശാന്തമാക്കാന്‍ ബ്രസീലിയൻ പൊലീസ് അർജന്‍റൈൻ ആരാധകരെ മർദിച്ചു. ഇതിൽ പ്രതിഷേധിച്ച് അർജന്‍റൈൻ ടീം കളിക്കളം വിട്ടുപോയിരുന്നു. മത്സരത്തിന് വേണ്ടത്ര സുരക്ഷയൊരുക്കാത്തതിന് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും കാനറിപ്പടയ്‌ക്കുമെതിരെ പെരുമാറ്റചട്ടത്തിലെ അര്‍ട്ടിക്കിള്‍ 17 പ്രകാരം ഫിഫയുടെ കനത്ത നടപടിക്ക് സാധ്യതയുണ്ട്. ബ്രസീലിന്‍റെ ഹോം മത്സരങ്ങളിൽ നിന്ന് കാണികളെ വിലക്കുക, പിഴ ചുമത്തുക, ഇതുമല്ലെങ്കിൽ ടീമിന്‍റെ ഒരു പോയിന്‍റ് വെട്ടിക്കുറയ്ക്കുക എന്നിവയിലൊരു നടപടിയാണ് ബ്രസീലിനെ കാത്തിരിക്കുന്നത്.

അതേസമയം അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനെതിരെയും ഫിഫയുടെ നടപടിക്ക് സാധ്യതയുണ്ട്. ആരാധകര്‍ ആക്രമണം അഴിച്ചുവിട്ടതും മത്സരം വൈകിപ്പിച്ച് ടീം ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയതുമാണ് അര്‍ജന്‍റീനയ്‌ക്ക് സംഭവിച്ച വീഴ്‌ചകളായി ഫിഫ വിലയിരുത്തുന്നത്. പെരുമാറ്റചട്ടത്തിലെ  17.2, 14.5 വകുപ്പുകള്‍ അര്‍ജന്‍റീന ലംഘിച്ചു എന്നാണ് ഫിഫ പറയുന്നത്. ഇരു ടീമുകളുടെയും കാണികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അയവുവരുത്താന്‍ അര്‍ജന്‍റൈന്‍ താരങ്ങള്‍ ശ്രമിച്ചുവെങ്കിലും ഇതിന് ശേഷം ടീം ഒന്നാകെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയതോടെയാണ് മത്സരം തുടങ്ങാന്‍ വൈകിയത്.

മാറക്കാന വേദിയായ വിവാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്‍റീനയോട് ബ്രസീല്‍ പരാജയം സമ്മതിച്ചിരുന്നു.
63-ാം മിനുറ്റിലെ നിക്കോളാസ് ഒട്ടാമെന്‍ഡിയുടെ ഗോളാണ് സന്ദര്‍ശകര്‍ക്ക് ജയമൊരുക്കിയത്. തുടർച്ചയായ മൂന്ന് മത്സരത്തിൽ തോറ്റ ബ്രസീൽ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ആറാം സ്ഥാനത്താണിപ്പോൾ. പോയിന്‍റ് വെട്ടിക്കുറയ്ക്കുന്നത് ഈ സാഹചര്യത്തിൽ ബ്രസീലിന് കനത്ത തിരിച്ചടിയാവും. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ 6 കളികളില്‍ 15 പോയിന്‍റുമായി നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനയാണ് തലപ്പത്ത്. ഇത്രതന്നെ മത്സരങ്ങളില്‍ ഏഴ് പോയിന്‍റ് മാത്രമേ ആറാമത് നില്‍ക്കുന്ന ബ്രസീലിനുള്ളൂ. ഇരു ടീമുകള്‍ക്കെതിരെയും എപ്പോള്‍ ശിക്ഷകള്‍ പ്രഖ്യാപിക്കും എന്ന് ഫിഫ വ്യക്തമാക്കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here