കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ സര്‍ക്കാര്‍ സ്കൂളില്‍ പര്‍ദ ധരിച്ചതിനും ബീഫ് ഉപയോഗിക്കുന്നതിനും വിദ്യാര്‍ത്ഥിനിയെ അവഹേളിച്ചെന്ന് പരാതി. രണ്ട് അധ്യാപകര്‍ക്കും ഹെഡ്മിസ്ട്രസിനും എതിരെ രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകി. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നാണ് വകുപ്പ് അധികൃതര്‍ അറിയിച്ചു.
കോയമ്പത്തൂര്‍ അശോകപുരത്ത് പെൺകുട്ടികള്‍ മാത്രം പഠിക്കുന്ന സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകര്‍ക്കെതിരെയാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പരാതി. കഴിഞ്ഞ വര്‍ഷം സ്കൂളില്‍ ചേര്‍ന്നതു മുതൽ നിഖാബ് ധരിക്കുന്നതിന്‍റെ പേരില്‍ 2 അധ്യാപികമാര്‍ തുടര്‍ച്ചയായി അവഹേളിക്കുകയാണ്. അച്ഛൻ ബീഫ് സ്റ്റാൾ നടത്തുന്നുവെന്നതിന്‍റെ പേരിലും പരിഹസിച്ചു.
അധ്യാപികമാരായ അഭിനയയും രാജ്കുമാറും കുട്ടിയെ പീഡിപ്പിക്കുകയും കുട്ടിയെ ഷൂ പോളിഷ് ചെയ്യാൻ പ്രേരിപ്പിച്ചുവെന്നും ആരോപിച്ച് കുടുംബം മുഖ്യ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി. രണ്ട് മാസത്തോളമായി പീഡനം നടക്കുന്നുണ്ടെന്നും കുട്ടിയുടെ കുടുംബത്തെ സഹായിച്ച സന്നദ്ധ പ്രവർത്തകനായ ഹുസൈൻ പറഞ്ഞു.
ഞങ്ങളുടെ ഇടപെടലിനെത്തുടർന്ന്, അസിസ്റ്റന്റ് പോലീസ് കമ്മീഷണറും ലോക്കൽ പൊലീസും സ്‌കൂൾ സന്ദർശിച്ച് കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പുനൽകിയിരുന്നു. എന്നിട്ടും കുട്ടിക്കെതിരായ പീഡനം തുടർന്നു, തന്നെ തല്ലുകയും മറ്റുള്ളവരുടെ ഷൂസ് തന്റെ പർദ ഉപയോഗിച്ച് വൃത്തിയാക്കാൻ നിർബന്ധിക്കുകയും ചെയ്തതായും,. കുട്ടിക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകുമെന്ന് അഡ്മിനിസ്ട്രേറ്റർമാർ ഭീഷണിപ്പെടുത്തിയാതായും കുട്ടി പറഞ്ഞുവെന്ന് ഹുസൈൻ വ്യക്തമാക്കി.
അച്ഛനെ കുറിച്ച് മോശമായി സംസാരിച്ചതിനെ എതിര്‍ത്തപ്പോൾ , ക്ലാസ്സിൽ മറ്റുളളവരുടെ മുന്നിൽ വച്ച് അടിക്കുകയും ചെയ്തെന്നും പരാതിയുണ്ട്. ഹെഡ്മിസ്ട്രസിനോട് പലതവണ സംസാരിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും സ്കൂളിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടമായെന്നും ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ക്ക് രേഖാമൂലം നൽകിയ പരാതിയിൽ രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. അന്വേഷണം തുടങ്ങിയെന്ന് സിഇഒ ബാലമുരളിയും തനിക്കെതിരെ ഉയര്‍ന്ന പരാതികൾ വാസ്തവരഹിതമെന്ന് ഹെഡ്മിസ്ട്രസും പ്രതികരിച്ചു.