മംഗളൂരു:മൽപെ നജാറിൽ നാലു പേർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചിക്കാൻ ചേർന്ന സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കല്ലിയമ്പൂർ ശാന്തകട്ട മൗണ്ട് റോസറി മില്ലെനിയം ഓഡിറ്റോറിയത്തിൽ ഉഡുപ്പി ജില്ല മുസ്‌ലിം ഒക്കൂട്ട(ഐക്യവേദി) സംഘടിപ്പിച്ച പരിപാടിയിൽ ബി.ജെ.പി ജനപ്രതിനിധികൾ ഒഴികെ വിവിധ തുറകളിലെ നേതാക്കളും ബഹുജനങ്ങളും പങ്കാളികളായി.
“ഈ മാസം 12ന് രാവിലെ എട്ടരക്കും ഒമ്പതിനുമിടയിലെ 15 മിനിറ്റിൽ ഭാര്യയും മൂന്ന് മക്കളും നഷ്ടമായപ്പോൾ ഞാൻ കരുതിയത് അവർ മാത്രമായിരുന്നു എന്റെ കുടുംബം എന്നാണ്.ഈ ആൾക്കൂട്ടം അത് തിരുത്തുകയാണ്.സമൂഹം ഒന്നാകെ ഞങ്ങളുടെ കുടുംബമാണ്.ഇത് വല്ലാത്തൊരു കരുത്തും കരുതലുമാണ്.ഇനിയും സംസാരിച്ചാൽ ഞാൻ കരഞ്ഞുപോവും..”കൂട്ടക്കൊല നടന്ന ഗൃഹനാഥൻ സൗദി അറേബ്യയിൽ പ്രവാസിയായ നൂർ മുഹമ്മദ് പറഞ്ഞു.
“കൊലപാതകം സാമുദായികമായി കാണാൻ ശ്രമിക്കുന്നത് ഉഡുപ്പി ഉയർത്തുന്ന ഉന്നത സംസ്കാരത്തിന് ചേർന്നതല്ല.ലോകം ദീപാവലി നിറവിലാണ്ട നാളിലാണ് ഇവിടെ കൂട്ടക്കൊല നടന്നത്.നജർ,കെമ്മണ്ണു,കൊഡിബങ്കര ഭാഗങ്ങളിൽ ഒറ്റ ഹിന്ദു കുടുംബവും ദീപം തെളിച്ചില്ല.എവിടേയും പടക്കം പൊട്ടിച്ചില്ല.
കൊലപാതകിയെക്കുറിച്ച് ഭീതി കൂടാതെ ആദ്യ നിർണായക വിവരം നൽകിയത് ഓട്ടോ ഡ്രൈവർ ശ്യാം ആണ്.ഈ ഓഡിറ്റോറിയം ഉടമ മഹാബല സൗജന്യമായാണ് നൽകിയത് “-ഐക്യവേദി ജില്ല പ്രസിഡന്റ് യാസീൻ മൽപെ പറഞ്ഞു. വൈകാരികമായി പ്രതികരിക്കാത്ത മുസ്‌ലിം സമുദായത്തോട് സമൂഹം കടപ്പെട്ടിരിക്കുന്നു എന്ന് ശാന്തെകട്ട മൗണ്ട് റൊസാരി ദേവാലയം വൈദികൻ ഫാദർ റൊഖെ ഡിസൂസ അഭിപ്രായപ്പെട്ടു.മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിനയകുമാർ സൊറകെ, ഉദ്യാവർ നാഗേഷ് കുമാർ ,എം.എ.ഗഫൂർ, അഷ്റഫ് കൊഡിബങ്കര,മഹാബല ഘോൽഹർ, ഓട്ടോ ഡ്രൈവർ ശ്യാം, പ്രൊഫ.ഹിഡ്ല ഡിസൂസ,ബാലകൃഷ്ണ ഷെട്ടി ,സുന്ദർ മാസ്റ്റർ, അബൂബക്കർ നജർ, ജനാർദ്ദന ടോൺസെ,ദിനക ഹെനൂരു, രമേശ് കാഞ്ചൻ എന്നിവർ പ്രസംഗിച്ചു.