ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള സ്‌ക്വാഡിലേക്ക് സഞ്ജു സാംസണിനെ പരിഗണിക്കാതിരുന്നത് ആരാധകരെ സംബന്ധിച്ച് ഒരു ഞെട്ടലായിരുന്നു. യുവനിരയ്ക്ക് പ്രധാന്യം നല്‍കിയ ടീമില്‍ ഉള്‍പ്പെടാന്‍ സഞ്ജു എന്തുകൊണ്ടും യോഗ്യനായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇതിനെതിരെ വിമര്‍ശനം ശക്തിമാകുമ്പോള്‍ സഞ്ജുവും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും കൂടിക്കാഴ്ച നടത്തിയിരുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഭാവിയുമായി ബന്ധപ്പെട്ട് അഗാര്‍ക്കര്‍ സഞ്ജുവുമായി മുംബൈയില്‍ വച്ചു സംസാരിച്ചുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 100 ശതമാനമല്ല, മറിച്ച് 200 ശതമാനവും സഞ്ജു ടീമിന്റെ ഭാവി പദ്ധതികളുടെ ഭാഗം തന്നെയാണെന്നാണ് വിശ്വസ്തമായ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചനകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫിറ്റ്നസ് നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്മെന്റും സഞ്ജുവിനോടു ആവശ്യപ്പെട്ടെന്നാണ് വിവരം.
നിലവില്‍ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരള ടീമിനെ നയിക്കാന്‍ തയ്യാറെടുക്കുകയാണ് സഞ്ജു. ഈ പരമ്പരയില്‍ കേരളത്തിനായി ചില മികച്ച ഇന്നിംഗ്സുകള്‍ കളിക്കാനായാല്‍ സഞ്ജുവിനു അനായാസം ദേശീയ ടീമിലേക്കു മടങ്ങിയെത്താം.