മീന്‍കറി ഇഷ്ടമായി; 25,000 രൂപ ടിപ്പ് നല്‍കി മന്ത്രി; ഉംറ നിര്‍വഹിക്കാനുള്ള ചെലവും വഹിക്കും

0
227

മംഗലൂരു(www.mediavisionnews.in): ഹോട്ടൽ ജീവനക്കാരന്റെ മീൻകറി ഇഷ്ടപ്പെട്ട മന്ത്രി ജീവനക്കാരന് 25000 രൂപ സമ്മാനം നൽകി. കര്‍ണാടക മന്ത്രി ബിസെഡ് സമീര്‍ അഹമ്മദ് ഖാനാണ് ബോളിയാറില്‍ നിന്നുളള ഹനീഫ് മുഹമ്മദ് എന്ന പാചകക്കാരന്റെ കൈപുണ്യം ഇഷ്ടപ്പെട്ടത്. ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് താന്‍ ഇന്നേവരെ ഇത്രയും രുചിയുളള മീന്‍കറി കഴിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞത്. ഉടന്‍ തന്നെ ഭക്ഷണം പാചകം ചെയ്ത പാചകക്കാരനെ മന്ത്രി വിളിപ്പിച്ചു.

ഹനീഫിന് ഉംറ നിര്‍വ്വഹിക്കാനുളള എല്ലാ ചെലവും താന്‍ വഹിക്കാമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ഉറപ്പ് നല്‍കി. വ്യാഴാഴ്ച്ച മംഗലൂരുവില്‍ ഒരു യോഗത്തിന് എത്തിയതായിരുന്നു മന്ത്രി. ലോവര്‍ ബെന്ദൂരിലെ ഫിഷ് മാര്‍ക്കറ്റ് എന്ന ഹോട്ടലിലാണ് ഉച്ചഭക്ഷണത്തിനായി മന്ത്രിയും സംഘവും കയറിയത്. ആവോലിയും നെയ്മീനും ആണ് മന്ത്രിക്ക് വിളമ്പിയത്.

ഹനീഫിനെ അദ്ദേഹത്തിന്റെ അടുത്ത് ഇരുത്തി ഭക്ഷണം വിളമ്പി കൊടുക്കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹം 25,000 രൂപ ടിപ്പ് നല്‍കിയത്. എല്ലാ ജീവനക്കാര്‍ക്കും ആയി 20,000 രൂപ നല്‍കണമെന്ന് മന്ത്രി ഹനീഫിനോട് പറഞ്ഞു. ഹനീഫിന് മാത്രമായി 5000 രൂപയുമാണ് മന്ത്രി നല്‍കിയത്. കൂടാതെ ഹനീഫിന് ഉംറ നിര്‍വഹിക്കാനുളള ചെലവ് താന്‍ വഹിക്കാമെന്നും മന്ത്രി അറിയിച്ചു. തുടര്‍ന്ന് മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ഹനീഫിന്റെ വിവരങ്ങള്‍ വാങ്ങി.

നേരത്തേ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഹനീഫ് 3 വര്‍ഷം മുമ്പാണ് മംഗളൂരുവിലെ ഹോട്ടലില്‍ ജോലി ആരംഭിച്ചത്. ഇവിടത്തെ ഒരു പാര്‍ട്ണര്‍ കൂടിയാണ് ഹനീഫ്. രാഹുല്‍ ഗാന്ധി അടക്കമുളള രാഷ്ട്രീയ പ്രമുഖര്‍ക്ക് ഭക്ഷണം വിളമ്പിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്തരത്തിലൊരും അംഗീകാരം ലഭിക്കുന്നതെന്ന് ഹനീഫ് പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here