ഏകദിന ലോകകപ്പിന്റെ ഒന്നാം സെമി ഫൈനല്‍ ആവേശപ്പോരട്ടത്തിന് മുംബൈ വാങ്കഡെ സ്റ്റേഡിയമാണ് വേദിയായത്. മത്സരത്തിനുമുമ്പ് അപ്രതീക്ഷിതമായ സംഭവവികാസങ്ങളില്‍ വിവാദം തലപൊക്കിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ സെമിഫൈനലിനായി ഇന്ത്യ ക്രിക്കറ്റ് ടീമും ബിസിസിഐയും ഏകപക്ഷീയമായി പിച്ച് മാറ്റിയെന്നായിരുന്നു ആരോപണം.
മത്സരത്തിന് മുന്നോടിയായി വാങ്കഡെ പിച്ചിലെ ഗ്രാസ് നീക്കം ചെയ്യാന്‍ ബിസിസിഐ ക്യൂറേറ്റര്‍മാരോട് ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഐസിസി ആണ് ടൂര്‍ണമെന്റ് നടത്തുന്നതെങ്കിലും ബിസിസിഐ ഇക്കാര്യത്തില്‍ ഇടപെട്ടത് വന്‍ വിമര്‍ശനത്തിന് കാരണമായി.
സ്വന്തം ടീമിലെ സ്പിന്നര്‍മാര്‍ക്കു പിച്ചില്‍ നിന്നും പരമാവധി ആനുകൂല്യം ലഭിക്കാനാണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തിയതെന്നും ആരോപണങ്ങള്‍ വന്നു. എന്നാല്‍ ഇപ്പോള്‍ ഈ ആരോപണങ്ങളോടു ഐസിസി പ്രതികരിച്ചിരിക്കുകയാണ്. വേദിയിലെ ക്യുറേറ്ററുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സെമി ഫൈനലിനുള്ള പിച്ച് തയ്യാറാക്കിയതെന്ന് ഐസിസി വക്താവ് പ്രതികരിച്ചിരിച്ചു.
പിച്ച് ക്യുറേറ്ററുടെ നിര്‍ദേശ പ്രകാരം ഞങ്ങളുടെ വക്താവുമായി ആലോചിച്ചാണ് പിച്ചില്‍ മാറ്റം വരുത്തിയത്. ഐസിസിയുടെ സ്വതന്ത്ര പിച്ച് കണ്‍സള്‍ട്ടന്റിനെ ഈ മാറ്റത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തിരുന്നു. പിച്ച് നല്ലതായിരിക്കില്ലെന്നു വിശ്വസിക്കാന്‍ ഒരു കാരണവുമില്ലെന്നും ഐസിസി വക്താവ് വ്യക്തമാക്കി.