ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാലോകത്തെ സൂപ്പർ സ്റ്റാറായിരുന്ന നടി വിജയശാന്തി ബി.ജെ.പി വിട്ടു. ഒരുകാലത്ത് ബോക്സോഫീസിൽ വൻ വിജയമായ നിരവധി ആക്ഷൻ സിനിമകളിലൂടെ ചലച്ചിത്രപ്രേമികളുടെ മനംകവർന്ന വിജയശാന്തി കോൺഗ്രസിൽ തിരികെയെത്തും. ദിവസങ്ങൾക്കുള്ളിൽ തെലങ്കാനയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങിലാകും അവർ ഔദ്യോഗികമായി കോൺഗ്രസിൽ ചേരുകയെന്നാണ് സൂചന.
തെലങ്കാന ബി.ജെ.പി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡിക്ക് വിജയശാന്തി രാജി സമർപ്പിച്ചിട്ടുണ്ട്. 1997 ഡിസംബറിലാണ് വിജയശാന്തി ബി.ജെ.പിയിൽ ചേർന്നത്. വൈകാതെ ഭാരതീയ മഹിളാ മോർച്ച സെക്രട്ടറിയായി അവർ തെരഞ്ഞെടുക്കപ്പെട്ടു. തെലങ്കാന സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിനിടെ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്)യിൽ ചേർന്നു. 2009ൽ ടി.ആർ.എസ് സ്ഥാനാർഥിയായി മേദക് മണ്ഡലത്തിൽനിന്ന് മത്സരിച്ച് ജയിച്ച് പാർലമെന്റിലെത്തി.
2014 ഫെബ്രുവരിയിൽ അവർ ടി.ആർ.എസിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. ടി.ആർ.എസ് (ഇപ്പോൾ ബി.ആർ.എസ്) മേധാവിയായ കെ. ചന്ദ്രശേഖർ റാവുവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നായിരുന്നു രാജി. 2014ൽ കോൺഗ്രസ് ടിക്കറ്റിൽ മേദക് നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
2020ൽ കോൺഗ്രസിൽനിന്ന് രാജിവെച്ച് വിജയശാന്തി ബി.ജെ.പിയിലേക്ക് ചേക്കേറി. ആറുമാസം മുമ്പ് ബി.ജെ.പി വിടുന്നതായുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നുവെങ്കിലും അവർ നിഷേധിക്കുകയായിരുന്നു. പാർട്ടി വിടാൻ അന്നേ തീരുമാനിച്ചിരുന്നുവെങ്കിലും ബി.ജെ.പിയുടെ ഉന്നത നേതാക്കളിൽ ചിലർ ഇടപെട്ട് അവരെ പിടിച്ചുനിർത്തുകയായിരുന്നു. എന്നാൽ, തുടർന്നു പോകാൻ കഴിയാത്ത രീതിയിൽ അകന്നതോടെ പാർട്ടിയിൽനിന്ന് രാജിവെച്ച വിവരം ബുധനാഴ്ച അവർ പരസ്യപ്പെടുത്തുകയായിരുന്നു.