കേരളത്തില്‍ അവസാന വധശിക്ഷ നടപ്പിലാക്കിയത് 32 വര്‍ഷം മുന്‍പ്; തൂക്കുകയറും കാത്ത് തടവില്‍ കഴിയുന്നത് 21 പേര്‍

0
314

സംസ്ഥാനത്തെ ഞെട്ടിച്ച ആലുവയിലെ അരുംകൊലയില്‍ കോടതി പ്രതി അസഫാക് ആലത്തിന് വധശിക്ഷ വിധിച്ചു. വധ ശിക്ഷക്കൊപ്പം അഞ്ച് ജീവപര്യന്തവും കോടതി വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. പ്രതിയായ അസ്ഫാക് ആലത്തിന് മനസാക്ഷിയില്ലെന്നും വധശിക്ഷയ്ക്ക് അര്‍ഹനാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു.ശിശു ദിനത്തിലും പോക്സോ നിയമങ്ങള്‍ രാജ്യത്ത് നിലവില്‍ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുണ്ട്.

അതേ സമയം കേരളത്തില്‍ അവസാന വധശിക്ഷ നടപ്പിലാക്കിയത് 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 1991 ജൂലൈ 6ന് ആയിരുന്നു അവസാന വധശിക്ഷ നടപ്പിലാക്കിയത്. റിപ്പര്‍ ചന്ദ്രനെ ആയിരുന്നു അന്ന് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. നിലവില്‍ കേരളത്തിലെ വിവിധ ജയിലുകളിലായി 21 പേരാണ് വധശിക്ഷ കാത്ത് കിടക്കുന്നത്.

കേരളത്തില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്നവരില്‍ 11 പേര്‍ പൂജപ്പുരയിലും 10 പേര്‍ കണ്ണൂര്‍, വിയ്യൂര്‍ ജയിലിലുമാണ്. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ എഎസ്ഐ ജിതകുമാറും വധശിക്ഷ കാത്ത് തടവില്‍ കഴിയുന്നവരുടെ കൂട്ടത്തിലുണ്ട്.

പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം, ആലംകോട് മുത്തശ്ശിയെയും ചെറുമകളെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിനോ മാത്യു, ഒരുമനയൂര്‍ കൂട്ടക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ട റെജികുമാര്‍, കോളിയൂരില്‍ ഗൃഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസിലെ പ്രതി അനില്‍ കുമാര്‍, ആര്യ കൊലക്കേസ് പ്രതികളായ അസം സ്വദേശി പ്രദീബ് ബോറ, രാജേഷ് കുമാര്‍, മാവേലിക്കര സ്മിതവധക്കേസ് പ്രതി വിശ്വരാജന്‍, ഗുണ്ട ജെറ്റ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ജാക്കി അനി എന്ന അനില്‍കുമാറും അമ്മയ്ക്കൊരു മകന്‍ സോജു എന്നറിയപ്പെടുന്ന അജിത്ത് കുമാറും വധശിക്ഷ കാത്ത് തടവില്‍ കഴിയുന്നുണ്ട്.

മാവേലിക്കര പല്ലാരിമംഗലത്തു ദമ്പതികളെ 6 വയസ്സുകാരനായ മകന്റെ മുന്നിലിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി ആര്‍ സുധീഷ്, അടിമാലി മുക്കുടത്ത് അമ്മയെയും മാതൃപിതാവിനെയും രണ്ട് അയല്‍വാസികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ജോമോന്‍, മവേലിക്കരയില്‍ പിഞ്ചുകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഷെരീഫ്, വിശ്വരാജന്‍ പ്രസന്നകുമാരി മകന്‍ പ്രവീണ്‍ എന്നിവരെ കൊലപ്പെടുത്തി എട്ടര പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി ഉത്തര്‍പ്രദേശുകാരനായ നരേന്ദ്രകുമാര്‍, മകളുടെ 9 വയസുകാരിയായ കൂട്ടുകാരിയെ കൊലപ്പെടുത്തിയ നാസര്‍, സ്ത്രീയെ പീഡിപ്പിച്ചു കൊന്ന അബ്ദുല്‍ നാസര്‍, കുണ്ടറ ആലീസ് വധ കേസിലെ പ്രതി ഗിരീഷ്‌കുമാര്‍, എറണാകുളത്ത് മൂന്നു പേരെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്ന എഡിസന്‍, അമ്മയുടെ കണ്‍മുന്നില്‍ 2 പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തോമസ് ചാക്കോ, പീരുമേട്ടില്‍ വീടിനുള്ളില്‍ അതിക്രമിച്ചു കയറി അമ്മയെയും മകളെയും പീഡിപ്പിച്ച ചെയ്തശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രന്‍ തുടങ്ങിയവരാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നവര്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here