ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ജാതി സെന്‍സസിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സെന്‍സസ് നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ജാതി സെന്‍സസ് നടത്തണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് പലതവണ പറഞ്ഞിരുന്നു. എന്നാല്‍ ജാതി സെന്‍സസിനെ കുറിച്ച് അദ്ദേഹം ഒരക്ഷരം പറയുന്നില്ല. പകരം അദ്ദേഹം പറയുന്നത് രാജ്യത്ത് ജാതിയില്ലെന്നാണ്, രാഹുല്‍ ഗാന്ധി പറഞ്ഞു.
സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ ജാതി സെന്‍സസ് നടത്തുമെന്നും എല്ലാ ജനങ്ങളും രാജ്യത്തെ അവരുടെ ശക്തി തിരിച്ചറിയണമെന്നും മധ്യപ്രദേശിലെ നീമച്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സര്‍ക്കാര്‍ നയിക്കുന്നത് ശിവരാജ് സിങ് ചൗഹാനും അദ്ദേഹത്തിന്റെ 53 ഉദ്യോഗസ്ഥരുമാണ്. ആ ഉദ്യോഗസ്ഥന്മാരില്‍ ഒരൊറ്റയാള്‍ മാത്രമാണ് ഒ.ബി.സി. ഇതില്‍ നിന്നും അദ്ദേഹത്തിന് തീരുമാനമെടുക്കാനുള്ള അധികാരം എത്രത്തോളമുണ്ടെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ ആകുമോ? അത് വെറും 0.33% മാത്രമാണ്. നിങ്ങളുടെ മൊത്തം ബഡ്ജറ്റിന്റെ 0.33 ശതമാനം മാത്രമാണ് അദ്ദേഹം തീരുമാനിക്കുന്നത്. സംസ്ഥാനത്ത് 50 ശതമാനത്തിലധികം ഒ.ബി.സി വിഭാഗക്കാരാണ്. ഇതിലൂടെ വ്യക്തമാകുന്നത് സര്‍ക്കാര്‍ ഒ.ബി.സി വിഭാഗത്തെ അവഹേളിക്കുകയാണ്’, രാഹുല്‍ ഗാന്ധി പറഞ്ഞു.
ഒ.ബി.സികളുടെ സര്‍ക്കാര്‍ ആണെന്ന് പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും അവകാശപ്പെടുമ്പോഴും ഒരു ഒ.ബി.സി ഉദ്യോഗസ്ഥനെ പോലും അവര്‍ ചുമതല ഏല്‍പ്പിക്കുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു.
ഇന്ത്യാ സഖ്യത്തിലെ നേതാക്കള്‍ രാജ്യമൊട്ടാകെ ജാതി സെന്‍സസ് ആവശ്യപ്പെടുമ്പോഴും മറുവശത്ത് ജാതി സെന്‍സസ് വിഭജനം സൃഷ്ടിക്കും എന്നാണ് ബി.ജെ.പി അവകാശപ്പെടുന്നതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടികാട്ടി.
ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തുമെന്ന് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചു. കൂടാതെ രാജ്യത്തെ അഴിമതിയുടെ തലസ്ഥാനമാണ് മധ്യപ്രദേശ് എന്ന് കോണ്‍ഗ്രസ് ആലിയില്‍ രാഹുല്‍ പറഞ്ഞു. മധ്യപ്രദേശ് സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ചിരിക്കുകയാണെന്നും അതിനാല്‍ ജനങ്ങള്‍ ദാരിദ്ര്യത്തില്‍ ഉഴുകയാണെന്നും ആരോപിച്ചു. മധ്യപ്രദേശിലെ 230 നിയോജക മണ്ഡലങ്ങളിലേക്ക് നവംബര്‍ 17 തെരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ മൂന്നിനാണ് ഫലപ്രഖ്യാപനം.