ലോകകപ്പിലെ ഫ്ലോപ്പ് ഇലവന്‍, ഓപ്പണറായി ബാവുമ, നായകനായി ബട്‌ലര്‍, ഒരു ഇന്ത്യന്‍ താരവും ടീമില്‍

0
269

മുംബൈ: ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ പ്രതീക്ഷക്കൊത്ത് ഉര്‍ന്നവരും പ്രതീക്ഷ കാക്കാത്തവരും ആയി നിരവധി താരങ്ങളുണ്ട്. ലോകകപ്പിന് മുമ്പെ സെമി ലൈനപ്പ് പ്രവചിച്ചതില്‍ ഇന്ത്യയും ഓസ്ട്രേലിയയും സെമിയെലെത്തിയെങ്കിലും അപ്രതീക്ഷിത എന്‍ട്രിയായി എത്തിയത് ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡുമാണ്. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാനും സെമിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഇംഗ്ലണ്ട് ഏഴാം സ്ഥാനത്തും പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

ലോകകപ്പിലെ ഫ്ലോപ്പ് ഇലവനെ തെരഞ്ഞെടുത്താല്‍ അതുകൊണ്ടു തന്നെ കൂടുതലായി ടീമിലുള്ളത് ഇംഗ്ലണ്ട് പാകിസ്ഥാന്‍ താരങ്ങളാണ്. സെമിയിലെത്തിയ ടീമിലെ താരങ്ങളും ഫ്ലോപ്പ് ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. ഫ്ലോപ്പ് ഇലവന്‍റെ ഓപ്പണറായി ദക്ഷിണാഫ്രിക്കന്‍ നായന്‍ ടെംബാ ബാവുമയെക്കാള്‍ മികച്ചൊരു താരമുണ്ടാകില്ല. ലോകകപ്പില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ 145 റണ്‍സാണ് ബാവുമ ഇതുവരെ നേടിയത്. ഉയര്‍ന്ന സ്കോറാകട്ടെ 35 റണ്‍സും. രണ്ടാം ഓപ്പണറായി തെരഞ്ഞെടുക്കാവുന്നത് ഇംഗ്ലണ്ടിന്‍റെ ജോണി ബെയര്‍സ്റ്റോ ആണ്. ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ഇംഗ്ലണ്ടിനായി ഓപ്പണ്‍ ചെയ്ത ബെയര്‍സ്റ്റോ അവസാന മത്സരത്തില്‍ പാകിസ്ഥാനെതിരെ നേടിയ 59 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ആകെ നേടിയതാകട്ടെ 215 റണ്‍സ് മാത്രവും.

ബംഗ്ലാദേശ് താരം നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോ ആണ് വണ്‍ ഡൗണ്‍ പൊസിഷനില്‍ ഇറങ്ങുന്നത്. ഒമ്പത് മത്സരങ്ങളിലും ബംഗ്ലാദേശിനായി ഇറങ്ങിയ ഷാന്‍റോക്ക് 222 റണ്‍സ് മാത്രമാണ് നേടാനായത്. കെയ്ന്‍ വില്യംസണിന്‍റെ അഭാവത്തില്‍ കിവീസിനെ നയിച്ച ടോം ലാഥമാണ് ഫ്ലോപ്പ് ഇലവനിലെ നാലാം നമ്പറില്‍ ഇറങ്ങുന്നത്. ന്യൂസിലന്‍ഡ് സെമിയിലെത്തിയെങ്കിലും ഒമ്പത് കളികളില്‍ നിന്ന് 155 റണ്‍സ് മാത്രമാണ് ലാഥം നേടിയത്. 68 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.

അഞ്ചാം നമ്പറില്‍ ഫ്ലോപ്പ് ഇലവന്‍റെ നായകനായി ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ഇറങ്ങും. ഒമ്പത് കളികളില്‍ വെറും 138 റണ്‍സാണ് ഇംഗ്ലണ്ടിന്‍റെ ഏറ്റവും വലിയ പവര്‍ ഹിറ്ററുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഫിനിഷറായി ഓസ്ട്രേലിയയുടെ മാര്‍ക്കസ് സ്റ്റോയിനിസാണ് ഫ്ലോപ്പ് ഇലവനിലുള്ളത്. ആറ് കളികളില്‍ 87 റണ്‍സാണ് സ്റ്റോയ്നിസ് നേടിയത്. ബൗളിംഗ് ഓള്‍ ഔള്‍ റൗണ്ടറായ ഷദാബ് ഖാനാണ് ഏഴാം നമ്പറില്‍ എത്തുന്നത്. ആറ് കളികളില്‍ നിന്ന് 121 റണ്‍സ് മാത്രമാണ് ഷദാബ് നേടിയത്. ബൗളിംഗില്‍ നേടിയതാകട്ടെ രണ്ട് വിക്കറ്റും. പേസ് ബൗളിംഗ് ഓള്‍ റൗണ്ടറായി ഒരു ഇന്ത്യന്‍ താരവും ടീമിലുണ്ട്. ഷാര്‍ദ്ദുല്‍ താക്കൂറാണ് പേസ് ഓള്‍ റൗണ്ടറായി ടീമിലുള്ളത്. മൂന്ന് കളികളില്‍ ഇന്ത്യക്കായി കളിച്ച ഷാര്‍ദ്ദുല്‍ രണ്ട് വിക്കറ്റെടുത്തെങ്കിലും യാതൊരു പ്രഭാവവും സൃഷ്ടിക്കാനായില്ല.

പേസ് ബൗളര്‍മാരുടെ ക്വാട്ടയിലേക്ക് ഫ്ലോപ്പ് ഇലവനിലേക്ക് ആദ്യം പരിഗണിക്കാവുന്ന പേര് പാകിസ്ഥാന്‍റെ ഹാരിസ് റൗഫാണ്. ഒമ്പത് കളികളില്‍ നിന്ന് 16 വിക്കറ്റെടുത്തെങ്കിലും ഓവറില്‍ 6.74 റണ്‍സാണ് റൗഫ് വഴങ്ങിയത്. ഇംഗ്ലണ്ടിന്‍റെ മാര്‍ക്ക് വുഡാണ് രണ്ടാം പേസര്‍. ഏഴ് കളികളില്‍ നിന്ന് 6 വിക്കറ്റ് വീഴ്ത്തിയ വുഡ് ഓവറില്‍ 6.46 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഫ്ലോപ്പ് ഇലവനിലെ മൂന്നാം പേസര്‍. എട്ട് കളികളില്‍ 10 വിക്കറ്റ് മാത്രമെടുത്ത സ്റ്റാര്‍ക്ക് ഓവറില്‍ 6.55 റണ്‍സ് വഴങ്ങി.

 

LEAVE A REPLY

Please enter your comment!
Please enter your name here