ചാരിറ്റി വീഡിയോയിൽ അക്കൗണ്ട് നമ്പറും ക്യുആർ കോഡും മാറ്റി തട്ടിപ്പ്: ഓൺലൈൻ കൊള്ള സജീവം

0
69

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലെ ചാരിറ്റി വീഡിയോകളിൽ കൃത്രിമം കാട്ടി പണം തട്ടുന്ന ഓൺലൈൻ കൊള്ള സജീവം. വീഡിയോയിലെ ബാങ്ക് അക്കൗണ്ട് നമ്പറും, ക്യു ആർ കോഡും മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. അടിയന്തര ചികിത്സാ സഹായം ആവശ്യമുള്ള ആളുകൾക്ക് ആശ്വാസമാകുന്ന ഇത്തരം വീഡിയോകളിൽ തട്ടിപ്പ് നടക്കുന്നത് ഇവയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

തലശ്ശേരി സ്വദേശിയായ അമർഷാനെന്ന ചാരിറ്റി പ്രവർത്തകൻ അമർ ഷാൻ ഫൗണ്ടേഷന് വേണ്ടി പോസ്റ്റ് ചെയ്ത ചാരിറ്റി വീഡിയോകൾ പലതും തട്ടിപ്പുകാർ പണം തട്ടിയെടുക്കാൻ ഉപയോഗിച്ചു. ചികിത്സാ സഹായത്തിനായി പണം അയച്ചു നൽകുന്നതിനായി ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും ക്യു ആർ കോഡുമെല്ലാം നൽകിയാണ് ഓരോ വീഡിയോയും പുറത്തിറക്കുന്നത്. ഈ വീഡിയോകൾ ഡൗൺലോഡ് ചെയ്‌തെടുത്ത് തട്ടിപ്പുകാർ അവരുടെ അക്കൗണ്ട് നമ്പർ എഡിറ്റ് ചെയ്ത് വീഡിയോ വീണ്ടും പോസ്റ്റ് ചെയ്യും.

ഭാഷ പോലും മാറ്റാതെ വരുന്ന വീഡിയോ തട്ടിപ്പാണെന്ന് അറിയാതെ പല ആളുകളും വീഡിയോയിൽ കാണുന്ന അക്കൗണ്ടിലേക്ക് പണം അയയ്ക്കും. ഇത്തരത്തിൽ ആറ് ലക്ഷം രൂപ വരെ ഒരു വീഡിയോയിൽ നിന്ന് തട്ടിപ്പുകാർ കൈക്കലാക്കിയിട്ടുണ്ടെന്നും അമർ ഷാൻ പറയുന്നു.

അടിയന്തര ചികിത്സക്ക് വലിയ തുക ആവശ്യമായി വരുന്ന രോഗികൾക്ക് സമയബന്ധിതമായി പണം പിരിച്ചുനിൽക്കുന്ന ഇത്തരം വ്‌ളോഗുകൾ പലർക്കും ആശ്വാസത്തിന്റെ കൈത്താങ്ങാണ്. എന്നാൽ ഈ വീഡിയോകൾ തട്ടിപ്പിന് ഉപയോഗിച്ചതോടെ മഹാരാഷ്ട്ര പൊലീസിനും കേരള പൊലീസിനും പരാതി നൽകി പരിഹാരം കാണാനുള്ള ശ്രമത്തിലാണ് അമർ ഷാൻ.

LEAVE A REPLY

Please enter your comment!
Please enter your name here