നോട്ട് നിരോധനത്തിന് 7 വർഷം

0
104

2016 നവംബർ 8…അന്നാണ് രാജ്യത്തിന് ഇരുട്ടടി നൽകിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 ന്റേയും 1000 ന്റേയും കറൻസികൾ നിരോധിച്ചത്. തൊട്ടിപിന്നാലെ കേന്ദ്ര സർക്കാർ മൊബൈൽ ഫോൺ വഴി പണമിടപാട് നടത്താനായി യുപിഐ അവതരിപ്പിച്ചു. അന്ന് മുതൽ യുപിഐ പണമിടപാട് ജനജീവിതത്തിന്റെ ഭാഗമായെങ്കിലും ഇന്നും രാജാവ് കറൻസി തന്നെയെന്ന് തെളിയിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

നഗരജീവിതത്തിൽ 78 ശതമാനത്തോളം ചെറുകിട കച്ചവട പണമിടപാടുകളും യുപിഐ വഴിയാണ് നടക്കുന്നത്. കഴിഞ്ഞ മാസം നടന്ന യുപിഐ ഇടപാടുകളുടെ എണ്ണം 1,140 കോടിയാണ്. 17.6 ലക്ഷം കോടി രൂപയുടെ പണമിടപാടാണ് രാജ്യത്ത് നടന്നത്. മറുവശത്ത്, രാജ്യത്തെ കറൻസി സർക്കുലേഷനും ഗണ്യമായി വർധിച്ചു. 2016 ൽ 17 ലക്ഷം കോടിയുടെ കറൻസി സർക്കുലേഷനാണ് നടന്നതെങ്കിൽ 2023 ഒക്ടോബറിലെത്തുമ്പോൾ അത് 33 ലക്ഷം കോടിയായാണ് വർധിച്ചത്.

ലോക്കൽ സർക്കിൾസ് എന്ന സ്ഥാപനം നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇന്ത്യയിലെ 363 ജില്ലകളിൽ നിന്നായി 44,000 പേരിൽ നടത്തിയ സർവേയിലാണ് ഈ കണക്കുകളുള്ളത്. കഴിഞ്ഞ 7 വർഷത്തിനിടെ വസ്തുവകകൾ വാങ്ങിയ 76% പേരും കറൻസിയിടപാടാണ് നടത്തിയത്.

10,861 പേരിൽ 15% പേരും പറഞ്ഞത് പകുതിയിലേറെ പണമിടപാടുകളും നോട്ട് നൽകിയാണ് നടത്തിയതെന്നാണ്. 18% പേർ പറഞ്ഞത് നോട്ട് നൽകി നടത്തിയ ഇടപാട് 30 മുതൽ 50 ശതമാനത്തിന് മധ്യേ വരുമെന്നും , 15 % പേർ പറഞ്ഞത് 10% ഇടപാടുകൾക്കാണ് കറൻസി ഉപയോഗിച്ചതെന്നുമാണ്. 24% പേർക്ക് കറൻസി കൈയിൽ വയ്ക്കാതെ തന്നെ പണമിടപാട് നടത്താൻ സാധിച്ചു.

വസ്തു വാങ്ങുമ്പോഴുള്ള പണമിടപാടുകളുടെ കാര്യത്തിൽ കറൻസി നൽകുന്നത് വർധിച്ചുവെന്നാണ് കണക്കുൾ പറയുന്നത്. 2021 ൽ 30% പേരും കറൻസി കൈമാറാതെ പണമിടപാട് നടത്തിയെങ്കിൽ ഈ വർഷം ്ത് 24% ലേക്ക് താഴ്ന്നിട്ടുണ്ട്.

സർവേയിൽ പങ്കെടുത്ത 24% പേരും വീട്ടാവശ്യങ്ങൾക്കായി പണമിടപാട് നടത്തുന്നത് ലിക്വിഡ് മണി നൽകിയാണെന്ന് വ്യക്തമാക്കി. 11,189 പേരിൽ 15% പേർ മാത്രമാണ് കറൻസി രൂപത്തിൽ പണമിടപാട് നടത്താറില്ലെന്ന് പറഞ്ഞത്.

2021 ൽ 11% പേരാണ് കറൻസി നൽകി പണമിടപാട് നടത്താറില്ലെന്ന് സർവേയിൽ പറഞ്ഞതെങ്കിൽ ഇത്തവണ അത് 15% ആയി ഉയർന്നു.

കഴിഞ്ഞ 12 മാസത്തിനിടെ, കറൻസി ഉപയോഗിച്ച് പണമിടപാട് നടത്തിയ 82 ശതമാനം പേരും പറഞ്ഞത് പലചരക്ക് വാങ്ങാനും, പുറത്ത് പോയി ഭക്ഷണം കഴിക്കാനും, ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യാനും മറ്റുമാണ് കറൻസി ഉപയോഗിച്ചതെന്നാണ്. 7% പേർ പറഞ്ഞത് വസ്തുവകകൾ, ആഭരണം, വാഹനം എന്നിവ വാങ്ങാനായി കറൻസി ഉപയോഗിച്ചുവെന്നാണ്. 4% പേർ സ്മാർട്ട് ഫോൺ, ലാപ്‌ടോപ്പ് എന്നിവ വാങ്ങാനും നോട്ട് ഉപയോഗിച്ചു.

വീട്ടുജോലിക്കാർക്ക് ശമ്പളം നൽകുക, വീട്ടു സാധനങ്ങളുടെ റിപ്പയർ, മുടിവെട്ടുക, എന്നിവയ്‌ക്കെല്ലാമായി കറൻസി തന്നെയാണ് ഇടപാടുകൾക്കായി ഉപയോഗിക്കുന്നതെന്നും സർവേ കണക്കുകൾ വ്യക്തമാക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here