ദുബൈ: ഗിന്നസ് റെക്കോർഡുകളുടെ പറുദീസയായ ദുബൈക്ക് വീണ്ടുമൊരു റെക്കോർഡ്. ഇത്തവണ മരുഭൂമിയുടെയും യുഎഇയുടെയും അറബ് ജനതയുടെയും അടയാളമായ ഒട്ടകത്തിന്റെ പേരിലാണ് ഗിന്നസ് റെക്കോർഡ് എന്നതിൽ ദുബൈക്ക് അഭിമാനിക്കാം. ‘ഒരു സസ്തനിയുടെ ഏറ്റവും വലിയ എൽഇഡി ശില്പം’ നിർമ്മിച്ചാണ് ദുബൈ ഇടം പിടിച്ചത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ തീം പാർക്ക് ഡെസ്റ്റിനേഷനായ ദുബൈ പാർക്ക്‌സ് ആൻഡ് റിസോർട്ട്‌സിലാണ് ലോകത്തിലെ ഏറ്റവും വലിയ പ്രകാശമുള്ള ഒട്ടകം തലയെടുപ്പോടെ നിൽക്കുന്നത്.
7 മീറ്റർ ഉയരമുള്ള ഒട്ടകമാണ് റിവർലാൻഡ് ദുബൈയിൽ സ്ഥാപിച്ചത്. എമിറാത്തി സംസ്കാരത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ ഒട്ടകം യുഎഇയുടെ സമ്പന്നമായ പൈതൃകത്തിന്റെ പ്രധാന പങ്കിനെ പ്രതിനിധീകരിക്കുന്നു. ഒട്ടകങ്ങൾ യുഎഇയുടെ സംസ്കാരം, ചരിത്രം, സ്വത്വം എന്നിവയുമായി ആഴത്തിൽ ഇഴചേർന്നിരിക്കുന്നു. അതുകൊണ്ട് തന്നെ രാജ്യത്തെ പ്രധാനപ്പെട്ടതും ബഹുമാനിക്കപ്പെടുന്നതുമായ മൃഗമാണ് ഒട്ടകം.
എല്ലാ വൈകുന്നേരവും സൂര്യാസ്തമയം മുതൽ വിവ റിസ്റ്റോറന്റിന്റെ അടുത്തായി ഗിന്നസ് റെക്കോർഡ് നേടിയ ഒട്ടകം പ്രകാശിച്ച് നിൽക്കും. ഇത് വർഷം മുഴുവനും ഇവിടെ സന്ദർശിക്കുന്ന അതിഥികൾക്ക് ആസ്വദിക്കാം. റിവർലാൻഡ് ദുബൈ സന്ദർശിക്കുന്ന അതിഥികൾക്ക് ഇതിനോട് അനുബന്ധിച്ച് തീം ഭക്ഷണവും വിനോദ ഓപ്ഷനുകളും ആസ്വദിക്കാം.