10,000 കടന്ന് ഗസയിലെ മരണം; കൊല്ലപ്പെട്ടതില്‍ 4000ലധികം കുഞ്ഞുങ്ങള്‍

0
128

ജെറുസലേം: 31 ദിവസമായി ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന ആക്രമണത്തില്‍ 10,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം. ഇതില്‍ 4,000ത്തിലധികം കുട്ടികള്‍ ഉള്‍പ്പെട്ടതായി മന്ത്രാലയമറിയിച്ചു.

4,104 കുട്ടികള്‍ ഉള്‍പ്പടെ 10,022 ഫലസ്തീനികള്‍ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. നിരവധിപേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അവര്‍ അറിയിച്ചു.

ഗസയില്‍ കരയാക്രമണം നടത്തുന്ന ഇസ്രഈല്‍ ഇത് വരെ വെടിനിര്‍ത്തലിന് തയ്യാറായിട്ടില്ല. ഇന്ധനം,ഭക്ഷണം, വൈദ്യുതി തുടങ്ങിയ സുപ്രധാന വസ്തുക്കള്‍ പോലും ഇല്ലാതെ ഗസയിലെ ജനജീവിതം ദുരിതത്തിലാണ്.

കുറഞ്ഞത് 2,000 ആളുകളെ എങ്കിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ അവശേഷിക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്ന് കണക്കാക്കുന്നു. മണ്ണും കെട്ടിടാവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള ഉപകരണങ്ങളും യന്ത്രസാമഗ്രികളും ഇല്ലാത്തതിനാല്‍ രക്ഷാസംഘങ്ങള്‍ക്ക് ആളുകളെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെത്തിക്കാന്‍ പ്രയാസം നേരിടുകയാണ്, അല്‍ജസീറ ലേഖകന്‍ മാനി മഹമൂദ് ഗസയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ ഏഴിന് ആക്രമണം ആരംഭിച്ചതിനുശേഷം പരിക്കേറ്റവരുടെ എണ്ണം 25,408 ആയിരുന്നതായി ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു. കഴിഞ്ഞ മണിക്കൂറുകളില്‍ ഇസ്രഈല്‍ നടത്തിയ 18 ആക്രമണങ്ങളില്‍ നിന്നായി 252 പേര്‍ കൊല്ലപ്പെട്ടു.

ഇന്ധനവിതരണവും വൈദ്യുതി വിതരണവും വിച്ഛേദിക്കപ്പെട്ടതിനാല്‍ ഗസയിലെ 32 ആശുപത്രികളില്‍ 16 എണ്ണം താത്കാലികയായി പ്രവര്‍ത്തനം നിര്‍ത്തി വെച്ച അവസ്ഥയിലാണ്. ഗസയില്‍ നിന്ന് 1.5 ദശലക്ഷം ആളുകള്‍ പാലായനം ചെയ്തതായി യു.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധം അവസാനിപ്പിക്കാനും അടിയന്തര വെടിനിര്‍ത്തലിനുമായി ലോകമെമ്പാടുനിന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഇസ്രഈല്‍ ഇത് നിരസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here