അബുദാബി: യുഎഇയിൽ മഴ തുടരുന്നതിനാൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. താമസക്കാർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെ അബുദാബി, ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ മഴ ലഭിച്ചിരുന്നു. അന്തരീക്ഷ താപനില അബുദാബിയിലും ദുബൈയിലും 25 ഡിഗ്രി സെൽഷ്യസ്, 32 ഡിഗ്രി സെൽഷ്യസ് എന്ന നിലയിലായിരിക്കും. ഇന്ന് അബുദാബിയിലും ദുബൈയിലും കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
മഴ തുടരുന്ന പശ്ചാത്തലത്തിൽ അബുദാബി പൊലീസ് ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മഴയുള്ള സമയത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡിൽ മാറി വരുന്ന വേഗപരിധികൾ പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തീരപ്രദേശങ്ങളിലും വടക്ക് കിഴക്കൻ പ്രദേശങ്ങളിലും ചൊവ്വാഴ്ച കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ രാവിലെ അന്തരീക്ഷ ഈർപ്പം കൂടുതലാകാനും മണിക്കൂറിൽ 15-25 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ചില സമയങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം.