കാസര്‍കോട്: അത്യാവശ്യ കാര്യങ്ങള്‍ക്കു ജീവനക്കാരില്ലാത്തതിനെത്തുടര്‍ന്നു ബദിയഡുക്ക പഞ്ചായത്ത് ഓഫീസ് പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ താഴിട്ടു പൂട്ടി. 380 ഓളം വികസന പദ്ധതികള്‍ എഞ്ചിനീയറുടെ അഭാവം മൂലം ദീര്‍ഘകാലമായി തടസ്സപ്പെട്ടു കിടക്കുകയാണെന്നു പഞ്ചായത്ത് പ്രസിഡണ്ടും അംഗങ്ങളും പറഞ്ഞു. ഇതിനു പുറമെ രണ്ടു സീനിയര്‍ ക്ലാര്‍ക്കുമാരുടെയും ഒരു അക്കൗണ്ടന്റിന്റെയും ഒഴിവും പഞ്ചായത്ത് പ്രവര്‍ത്തനം നിശ്ചലമാക്കിയിരിക്കുകയാണെന്നാരോപിച്ചാണ് പ്രസിഡന്റ് ബി.ശന്ത, വൈസ് പ്രസിഡണ്ട് എം.അബ്ബാസ് എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ ഓഫീസിനു താഴിട്ടത്. അത്യാവശ്യത്തിനു ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഒരു മാസം മുമ്പു പഞ്ചായത്ത് ഭരണസമിതി ഡിഡിപി ഓഫീസിനു മുന്നില്‍ സമരം നടത്തിയിരുന്നു. രാവിലെ നടന്ന പ്രതിഷേധത്തില്‍ നിന്നും ഇടതുപക്ഷത്തെ മൂന്ന് അംഗങ്ങള്‍ മാറിനിന്നു. ബി.ജെ.പിയിലെ രണ്ടംഗങ്ങളും പങ്കെടുത്തില്ല. ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്തതിനിനെതിരെ ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍ പ്രക്ഷോഭത്തിലാണ്. മംഗല്‍പ്പാടി പഞ്ചായത്ത് ഭരണസമിതിയും ഈ ആവശ്യമുന്നയിച്ചു ഡിഡിപി ഓഫീസിനു മുന്നില്‍ സമരം നടത്തിയിരുന്നു.