മോഷണം ആരോപിച്ച് യുവതികളുടെ പര്‍ദ്ദ ഊരുന്ന വീഡിയോ വൈറല്‍ ! സോഷ്യല്‍ മീഡിയോയില്‍ വലിയ ചര്‍ച്ച

0
232

തെലുങ്കാനയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 10,000 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് സ്ത്രീകളുടെ പര്‍ദ്ദ അഴിക്കുന്ന വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി. ഒരു കൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് രണ്ട് സ്ത്രീകളുടെ മുഖാവരണം അടക്കം മാറ്റാന്‍ ശ്രമിക്കുന്നിടത്തായിരുന്നു വീഡിയോ തുടങ്ങുന്നത്. ഏറെ സംഘര്‍ഷഭരിതമായ രംഗങ്ങളായിരുന്നു വീഡിയോയില്‍. വീഡിയോ വൈറലായതിന് പിന്നാലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാര്‍ക്ക് ഇത്തരമൊരു അധികാരം ഏവിടെ നിന്ന് ലഭിച്ചുവെന്നും എന്ത് കൊണ്ട് പോലീസിനെ വളിച്ചില്ലെന്നും ചോദിച്ച് നിരവധി പേരാണ് കുറിപ്പുകളെഴുതിയത്.

@SureshS21753809 എന്ന ട്വിറ്റര്‍ (X) അക്കൗണ്ടില്‍ നിന്നും നിന്നും പങ്കവയ്ക്കപ്പെട്ട വീഡിയോ @gharkekalesh എന്ന അക്കൗണ്ടിലൂടെ ‘സാധനങ്ങൾ മോഷ്ടിച്ചതിന് പിന്നാലെ രണ്ട് സ്ത്രീകളും സൂപ്പർമാർട്ടിലെ തൊഴിലാളികളും’ എന്ന കുറിപ്പോടെ വീണ്ടും പങ്കുവയ്ക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് വീഡിയോ വൈറലായത്. മണിക്കൂറുകള്‍ക്ക് അകം വീഡിയോ മുക്കാല്‍ ലക്ഷത്തിന് മേലെ ആളുകള്‍ കണ്ട് കഴിഞ്ഞു. രണ്ട് യുവതികളുടെ മുഖാവരണം കൂടി നില്‍ക്കുന്ന സ്ത്രീകള്‍ ബലമായി മാറ്റുകയും അവരുടെ ബാഗില്‍ നിന്ന് എന്തൊക്കെയോ സാധനങ്ങള്‍ പുറത്തേക്ക് എടുക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, അത് അവര്‍ കൊണ്ട് വന്നതാണോ അതോ അവിടെ നിന്ന് എടുത്തതാണോ തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും സ്ഥിരീകരണമില്ല. ഒരു സമൂഹത്തെ തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തില്‍ ഒരു വിശദീകരണവുമില്ലാതെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതിനെ ഏറെ പേര്‍ വിമര്‍ശിച്ചു. പല തരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നു വീഡിയോയ്ക്ക് നേരെ ഉണ്ടായിരുന്നത്.

“ഈ വീഡിയോ ഇങ്ങനെ ചിത്രീകരിച്ചത് തെറ്റാണെന്ന് എനിക്ക് തോന്നുന്നു. അവര്‍ക്ക് പോലീസിനെ വിളിച്ച് നിയമപ്രകാരം ശിക്ഷിക്കാമായിരുന്നു. ”  ഒരു കാഴ്ചക്കാരനെഴുതി. “ഒരു ബാറ്റ് വുമണായി വേഷമിട്ട് മോഷ്ടിക്കാനുള്ള അതിശയകരമായ മാർഗം.” എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. “സ്ത്രീകള്‍ തെറ്റ് ചെയ്തിട്ടുണ്ടാകാം. പക്ഷേ, ആര്‍ക്കെങ്കിലും പലചരക്ക് കടയില്‍ നിന്ന് ദൈനംദിന ആവശ്യസാധനങ്ങള്‍ മോഷ്ടിക്കേണ്ടിവന്നാല്‍ ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ പരാജയപ്പെട്ടു.” എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. ചിലര്‍ ആ സംഘര്‍ഷത്തെയും പരിഹസിച്ചു. ‘അവര്‍ തമാശ കാണിക്കുകയാണ്’ എന്നായിരുന്നു ഒരു കുറിപ്പ്. ‘മാർക്കറ്റിൽ പോകുമ്പോൾ നിങ്ങള്‍ക്ക് സോപ്പും ഷാംപൂവും ബൾക്കായി ലഭിക്കാത്തതിന്‍റെ കാരണമിതാണ്” മറ്റൊരാള്‍ എഴുതി.  മറ്റ് ചിലര്‍, സമൂഹത്തിലെ ചിലര്‍ എന്തു കൊണ്ട് മോഷ്ടാക്കളായി മാറുന്നുവെന്നതിന്‍റെ സാമൂഹിക സാഹചര്യങ്ങളെ കുറിച്ചെഴുതി.

 

LEAVE A REPLY

Please enter your comment!
Please enter your name here