തിരുവനന്തപുരം: സി.പി.എം ഫലസ്തീൻ റാലിയിൽ ലീഗ് പങ്കെടുക്കുമെന്ന പ്രസ്താവനയിൽ വിശദീകരണവുമായി ഇ.ടി മുഹമ്മദ് ബഷീർ എം.പി. തന്റെ വ്യക്തിപരമായ കാഴ്ചപ്പാട് പരിപാടിയിൽ പങ്കെടുക്കണമെന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ പാർട്ടി ചർച്ച ചെയ്‌തെടുക്കുന്ന തീരുമാനമായിരിക്കും തന്റെയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരന്റെ ‘പട്ടി’ പരാമർശത്തിനു മറുപടി പറയാനില്ലെന്നും ഇ.ടി പ്രതികരിച്ചു.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ.ടി മുഹമ്മദ് ബഷീർ. ഫലസ്തീൻ വിഷയത്തിൽ പ്രാഥമികമായ കാര്യമാണ് ഞാൻ പറഞ്ഞത്. വിഷയത്തിൽ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നാണ് എന്റെ നിലപാട്. എന്നാൽ, സി.പി.എം റാലിയിൽ പങ്കെടുക്കാനുള്ള ക്ഷണം പാർട്ടി ചർച്ച ചെയ്തു തീരുമാനം പറയുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോന്നിനും ഓരോ മെറിറ്റുണ്ട്. അതിനനുസരിച്ചാണ് തീരുമാനം. നിലപാടിലെ നന്മയെ കുറിച്ചാണ് സംസാരിച്ചത്. അതിനെ രാഷ്ട്രീയവൽക്കരിക്കേണ്ട കാര്യമില്ല. ഇകാര്യത്തിൽ പാർട്ടി പറയുന്നതായിരിക്കും തന്റെ നിലപാടെന്നും ഇ.ടി കൂട്ടിച്ചേർത്തു.
അതേസമയം, സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നാളെ തീരുമാനമുണ്ടാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. സി.പി.എമ്മിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ലീഗ് ഹൗസിൽ വിഷയത്തിൽ കൂടിയാലോചന നടത്തി പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സി.പി.എം റാലിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ പാർട്ടി ഇതുവരെ ആലോചിച്ചിട്ടില്ലെന്നാണ് എം.കെ മുനീർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്.