കോഴിക്കോട്: പലസ്തീൻ റാലിയിലേക്കുള്ള സിപിഎം ക്ഷണവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റിനെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് അദ്ദേഹം ഇന്ന് പ്രതികരിച്ചു. സിപിഎമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. സിപിഎം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ലെന്ന് പറഞ്ഞ പിഎംഎ സലാം അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയമാണെന്നും അത് യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും വ്യക്തമാക്കി.
സിപിഎം ഇന്നലെ അവരുടെ പലസ്തീൻ റാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചുവെന്ന് പിഎംഎ സലാം പറഞ്ഞു. ഔദ്യോഗികമായ ക്ഷണമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്. അക്കാര്യത്തിൽ എന്ത് തീരുമാനമെടുക്കണമെന്ന് നാളെ പാർട്ടി നേതാക്കന്മാർ കൂടിച്ചേർന്ന് തീരുമാനിക്കും. നാളെ ഉച്ചയ്ക്ക് കോഴിക്കോട് ഓഫീസിൽ ഇതിനായി നേതാക്കൾ യോഗം ചേരും. ഇടി ബഹുമാന്യനായ നേതാവാണ്, അദ്ദേഹത്തിന്റേത് വ്യക്തിപരമായ നിലപാടാണ്. അക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. പാർട്ടിയിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ടെന്നും അത് നാളെ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും വ്യക്തമാക്കി.
സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നാണ് ഇടി മുഹമ്മദ് ബഷീർ പറഞ്ഞത്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയാണ് ഇടി മുഹമ്മദ് ബഷീർ എംപി. പലസ്തീൻ വിഷയത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ സാഹചര്യം വേറെയായിരുന്നു. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക മത വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം പാടില്ല. പ്രതി പിടിയിലായത് നന്നായി, ഇല്ലെങ്കിൽ അവിടെ ഒരു മുസ്ലിം വിരുദ്ധ സാഹചര്യം ഉണ്ടായേനെ. ജാതി സെൻസസില്‍ കോൺഗ്രസിന്‍റെ നിലപാടിനോടൊപ്പമാണ് മുസ്ലിം ലീഗെന്നും ഇ ടി മുഹമ്മദ് ബഷീർ പ്രതികരിച്ചിരുന്നു.
കോഴിക്കോട് സരോവരം ട്രേഡ് സെന്‍ററിൽ ഈ മാസം 11 നാണ് സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റാലിയിലേക്ക് രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരെയും സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്. സമസ്ത അടക്കം ഭൂരിഭാഗം മുസ്ലിം സംഘടനകളെയും പരിപാടിയിലേക്ക് ക്ഷണിച്ചു. എന്നാൽ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയ സിപിഎം നേതാക്കൾ മുസ്ലിം ലീഗിനെ റാലിയിലേക്ക് ക്ഷണിക്കുകയായിരുന്നു. മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം ഉയർത്തിയാണ് സിപിഎം കോൺഗ്രസിനെ റാലിയിൽ പങ്കെടുപ്പിക്കാത്തത്.