കണ്ണൂര്‍: മിശ്രിത രൂപത്തിലാക്കിയ 695 ഗ്രാം സ്വര്‍ണ്ണം അടിവസ്‌ത്രത്തിലും ജീന്‍സ് പാന്റിലും തേച്ചുപിടിപ്പിച്ചു കടത്തിയ ഉദുമ, തളങ്കര സ്വദേശികള്‍ അറസ്റ്റില്‍. ഉദുമയിലെ അല്‍ അമീന്‍, തളങ്കരയിലെ റഫീഖ് എന്നിവരാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. രഹസ്യവിവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്.
അബുദാബിയില്‍ നിന്നും എത്തിയ എയര്‍ഇന്ത്യ എക്‌സ് പ്രസിലെ യാത്രക്കാരനായിരുന്നു അല്‍അമീന്‍. സംശയത്തെതുടര്‍ന്ന് ഇയാളെ വിശദമായി പരിശോധനയ്‌ക്കു വിധേയമാക്കിയപ്പോള്‍ 454.14 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി ജീന്‍സ് പാന്റ്‌സിനുള്ളില്‍ തേച്ചുപിടിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. പിടികൂടിയ സ്വര്‍ണ്ണത്തിനു 27,52, 088 രൂപ വില വരും.
ഷാര്‍ജയില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസിലെ യാത്രക്കാരനായ തളങ്കരയിലെ റഫീഖില്‍ നിന്നു 14,63, 490 രൂപ വിലവരുന്ന 241 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണ്ണം അടിവസ്‌ത്രത്തിനുള്ളിലും പൗച്ചിലും ഒളിപ്പിച്ചുവെച്ചാണ് കടത്തിയത്.
മറ്റൊരു സംഭവത്തില്‍ അബുദാബിയില്‍ നിന്നും എത്തിയ കൊടുവള്ളി സ്വദേശിയില്‍ നിന്നു 992 ഗ്രാം തൂക്കമുള്ള നാലു സ്വര്‍ണ്ണ ക്യാപ്സ്യൂളുകളും പിടികൂടി. മലദ്വാരത്തിനു അകത്താണ് സ്വര്‍ണ്ണ ക്യാപ്സ്യൂളുകൾ ഒളിപ്പിച്ചുവച്ചിരുന്നത്.