പൗരത്വപ്രക്ഷോഭത്തിനെതിരായ കേസുകൾ പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ

0
149

കൊച്ചി: പൗരത്വപ്രക്ഷോഭത്തിനെതിരായ കേസുകൾ പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ. മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ നിർദേശം നൽകിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് നടപടി. കോഴിക്കോട് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ഏഴ് പേരാണ് ഹരജി നൽകിയിരുന്നത്.

പൗരത്വപ്രക്ഷോഭത്തിനെതിരായ കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ ഉത്തരവിറക്കിയെങ്കിലും അത് നടപ്പിലായിരുന്നില്ല. ഇത് ചോദ്യം ചെയ്തു കൊണ്ടാണ് കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. പൗരത്വ പ്രക്ഷോഭം ആഹ്വാനം ചെയ്തു എന്നതാണ് ഇവർക്കെതിരെയുള്ള കേസ്. ഇതിൽ 32 പേർക്കെതിരെയാണ് വിവിധ സ്ഥലങ്ങളിൽ കേസെടുത്തത്. ഈ ഹരജിയിൽ കോടതി നേരത്തെ സർക്കാരിന്റെ നിലപാട് തേടിയിരുന്നു അന്നും കേസുകൾ പിൻവലിക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുണ്ടായിരുന്നത്. പക്ഷെ ഇതിന്റെ തുടർ നടപടികളുമായി ബന്ധപ്പെട്ട് സർക്കാർ ഒരു വ്യക്തത നൽകിയിരുന്നില്ല.

എന്നാൽ ഇപ്പോൾ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കാൻ പ്രോസിക്യൂട്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ അറിയിക്കുകയായിരുന്നു. ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കുന്നതോടുകൂടി ഈ കേസുകളിലെ തുടർ നടപടി പൂർണമായി അവസാനിക്കുമെന്നാണ് സർക്കാർ അറിയിക്കുന്നത്. സർക്കാരിന്റെ മറുപടി രേഖപ്പെടുത്തി കൊണ്ട് കോടതി ഹരജി തീർപ്പാക്കിയിട്ടുണ്ട്. പൗരത്വ പ്രക്ഷോഭത്തിനെതിരായ ക്രിമിനൽ കേസുകൾ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് പറഞ്ഞ കോടതി തുടർ നടപടികൾ വേഗത്തിലാക്കാൻ സർക്കാരിന് നിർദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here