അൽ അഖ്സ പള്ളിയിലേക്ക് മുസ്‍ലിംകൾക്കുള്ള പ്രവേശനം തടഞ്ഞ് ഇസ്രായേൽ​ പൊലീസ്

0
228

ജറുസലേം: ജറുസലേമിലെ അൽ അഖ്സ മസ്ജിദിൽ മുസ്‌ലിംകളെ വിലക്കി ഇസ്രായേലി പൊലീസ്. മാസങ്ങൾക്ക് ശേഷം ആദ്യമായി ഇസ്രായേൽ പൊലീസ് അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ അഖ്സ മസ്ജിദ് അടച്ചുപൂട്ടുകയും മുസ്‌ലിം വിശ്വാസികളെ കോമ്പൗണ്ടിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്തുവെന്ന് വിശുദ്ധ സ്ഥലത്തിന്റെ ചുമതലയുള്ള ഇസ്‌ലാമിക് വഖഫ് മന്ത്രാലയം അറിയിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അതിനിടെ, ഇസ്രായേൽ പൊലീസ് ജൂതന്മാരെ മസ്ജിദ് കോമ്പൗണ്ടിൽ പ്രവേശിക്കാൻ അനുവദിച്ചു. മുസ്ലിംകൾക്ക് മാത്രം ആരാധന നടത്താൻ അനുവാദമുള്ള പള്ളിയിലെ നിലവിലെ സ്ഥിതി ലംഘിച്ച് ജൂത ആരാധകർ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുകയും ആചാരങ്ങൾ നടത്തുകയും ചെയ്തതായി ഫലസ്തീൻ വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മക്കയിലെ മസ്ജിദുൽ ഹറമിനും മദീനയിലെ പ്രവാചകന്റെ പള്ളിക്കുമൊപ്പം മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമാണ് മസ്ജിദുൽ അഖ്‌സ.

വിശുദ്ധ കോമ്പൗണ്ടിലേക്കുള്ള എല്ലാ ഗേറ്റുകളും പൊലീസ് പെട്ടെന്ന് അടച്ചുപൂട്ടുകയും എല്ലാ പ്രായത്തിലുമുള്ള മുസ്‌ലിംകളെയും അതിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുകയായിരുന്നുവെന്നും വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രാവിലെ മുതൽ പ്രായമായവർക്ക് മാത്രമാണ് ഇസ്രായേൽ പൊലീസ് പള്ളിയിലേക്ക് പ്രവേശനം നൽകിയിരുന്നതെന്നും പിന്നീട്‌ പെട്ടെന്ന് എല്ലാവരെയും തടയുകയായിരുന്നുവെന്നും വാർത്തയിൽ പറഞ്ഞു.

അതേസമയം, വ്യോമാക്രമണത്തിലൂടെ ഇസ്രായേൽ 24 മണിക്കൂറിനിടെ 704 പേരെ കൊന്നുവെന്ന് ഗസ്സ അധികൃതർ അറിയിച്ചു. ഒക്‌ടോബർ ഏഴ് മുതലുള്ള അധിനിവേശത്തിൽ ഗസ്സയിൽ 5791 പേർ കൊല്ലപ്പെട്ടതായും 16,297 പേർക്ക് മുറിവേറ്റതായും അൽജസീറ റിപ്പോർട്ട് ചെയ്തു. അതേസമയം, ഗസ്സയിലെ മൂന്നിൽ രണ്ട് ആരോഗ്യ സംവിധാനവും പ്രവർത്തന ക്ഷമമല്ലെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. 72 ആരോഗ്യ കേന്ദ്രങ്ങളിൽ 46 എണ്ണവും 35 ആശുപത്രികളിൽ 12 എണ്ണവും പ്രവർത്തനം നിർത്തിയെന്ന് ഡബ്ല്യൂഎച്ച്ഒ പറഞ്ഞു. ഇസ്രായേൽ തടസ്സം സൃഷ്ടിച്ചതോടെയുണ്ടായ വൈദ്യുതി- ഇന്ധന ക്ഷാമമാണ് പ്രവർത്തനം നിലയ്ക്കാൻ ഇടയാക്കിയതെന്ന് ഫലസ്തീൻ ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. വ്യോമാക്രമണം കനത്തതും ജനങ്ങൾ തിങ്ങിനിറഞ്ഞ ആശുപത്രികൾ അടയ്ക്കാൻ കാരണമായതായും പറഞ്ഞു.

ഗസ്സ സിറ്റിയിലെ അൽവഫ ആശുപത്രി കവാടത്തിലും പരിസരത്തിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി. മുന്നറിയിപ്പില്ലാതെയായിരുന്നു ആക്രമണം. രോഗികളെ ഒഴിപ്പിക്കാനാവില്ലെന്നും കൂടുതൽപേരും കോമയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഗസ്സയിലെ പല ആശുപത്രികളിലെയും ഇന്ധനം തീർന്നു തുടങ്ങി. വടക്കൻ ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ ഇന്തോനേഷ്യൻ ആശുപത്രിയിലെ ഇന്ധനം തീർന്നതോടെ ഇൻക്യുബേറ്ററിൽ കഴിയുന്ന നിരവധി കുഞ്ഞുങ്ങളുടെ ജീവനാണ് അപകടത്തിലായത്. താൽക്കാലികമായി കുറച്ച് സമയത്തേക്കുള്ള ഇന്ധനം എത്തിച്ചെങ്കിലും എത്രസമയത്തേക്ക് തികയുമെന്ന് നിശ്ചയമില്ല.

അതിനിടെ, ഗസ്സയിൽ ഇസ്രായേലിന് ലക്ഷ്യംകൈവരിക്കാനാകുന്ന യുദ്ധപദ്ധതി ഇല്ലെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. ജനസാന്ദ്രതയേറിയ ഗസ്സയിൽ ഹമാസ് സങ്കീർണ്ണമായ തുരങ്ക ശൃംഖലകൾ സൃഷ്ടിച്ചിട്ടുണ്ട്. കരയുദ്ധത്തിൽ ഇതിനെ മറികടക്കുക ഇസ്രായേലിന് എളുപ്പമാവില്ലെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേലിനെ അറിയിച്ചു. പുതിയ യുദ്ധതന്ത്രങ്ങൾ മെനയാൻ പെന്റഗൺ മൂന്ന് സൈനിക ഉദ്യോഗസ്ഥരെ ഇസ്രായേലിലേക്കയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here