ബ്യോനസ് ഐറിസ്: നിരോധിത സിറപ്പ് ഉപയോഗിച്ചതിന് ലോകകപ്പ് നേടിയ അർജന്റീന ടീമിൽ അംഗമായിരുന്ന വിങ്ങർ അലജാന്ദ്രൊ പാപു ഗോമസിനെ രണ്ടു വർഷത്തേക്ക് വിലക്കിയ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അർജന്റീനയുടെ ലോകകപ്പ് തിരിച്ചെടുക്കുമോയെന്ന ആശങ്ക പങ്കുവെച്ച് ഫുട്ബാൾ ലോകം.
സ്പാനിഷ് പത്രം റെലേവൊയാണ് നിരോധിത സിറപ്പ് ഉപയോഗിച്ചതിന് താരത്തിന് വിലക്കേർപ്പെടുത്തിയെന്ന റിപ്പോർട്ട് പുറത്തുവിട്ടത്. ഖത്തറിൽ ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് മുൻ സെവിയ്യ താരം കൂടിയായ 35കാരൻ സിറപ്പുപയോഗിച്ചത്. സെവിയ്യക്കായി പരിശീലന സെഷനിടെ അസുഖ ബാധിതനായി രാത്രി ഉറങ്ങാൻ കഴിയാതെ വന്നപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം കുട്ടിയുടെ മരുന്ന് കുടിച്ചതാണ് കുരുക്കായതെന്നാണ് റിപ്പോർട്ട്. വിലക്ക് വരുന്നതോടെ താരത്തിന്റെ ലോകകപ്പ് മെഡലും യൂറോപ ലീഗ് മെഡലും തിരിച്ചെടുത്തേക്കും.
അതേസമയം, അർജന്റീനയുടെ ലോകകപ്പ് കിരീടം തിരിച്ചെടുക്കാനാവില്ല. ലോക ഉത്തേജക വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 11 പ്രകാരം രണ്ടിലധികം താരങ്ങൾ ഉത്തേജക നിയമം ലംഘിച്ചാൽ മാത്രമേ കിരീടം തിരിച്ചെടുക്കാനാവൂ.
2021 ജനുവരിയിലാണ് താരം സെവിയ്യയിൽ ചേർന്നത്. 90 മത്സരങ്ങളിൽ കളത്തിലിറങ്ങിയ പാപു ഗോമസ് 10 ഗോൾ നേടുകയും ആറ് ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ക്ലബ് പിന്നീട് താരവുമായുള്ള കരാർ റദ്ദാക്കുകയായിരുന്നു. ശേഷം ഇറ്റാലിയൻ സീരി എ ടീം മോൻസക്ക് വേണ്ടിയാണ് കളിക്കുന്നത്.