ബെംഗളൂരു: 20 എം.എല്‍.എമാരുമായി മൈസുരുവിലേക്ക് പോകാനുള്ള മന്ത്രിയുടെ നീക്കത്തിന് പിന്നാലെ കര്‍ണാടകയില്‍ രാഷ്ട്രീയ അഭ്യൂഹങ്ങള്‍. പൊതുമരാമത്ത് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സതീഷ് ജാര്‍ക്കിഹോളി കിത്തൂര്‍, മധ്യ കര്‍ണാടക മേഖലയില്‍നിന്നുള്ള എം.എല്‍.എമാരുമായി കൂട്ടത്തോടെ ബസില്‍ മൈസുരുവിലേക്ക് പോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഹൈക്കമാന്‍ഡ് ഇടപ്പെട്ടതിനെത്തുടര്‍ന്ന് യാത്ര ഉപേക്ഷിച്ചു. കര്‍ണാടകയുടെ ചുമതലയും മധ്യപ്രദേശിന്റെ അധിക ചുമതലയും വഹിക്കുന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല വിവരം അറിഞ്ഞ് മന്ത്രിയുമായി സംസാരിച്ചതിനെത്തുടര്‍ന്നാണ് യാത്രാ പദ്ധതി ഉപേക്ഷിച്ചത്.
എം.എല്‍.എമാര്‍ കൂട്ടത്തോടെ യാത്ര പോവുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് രണ്‍ദീപ് സുര്‍ജേവാല മന്ത്രിയെ അറിയിച്ചു. ഇത്തരമൊരു നീക്കം പ്രതിപക്ഷത്തിന് സര്‍ക്കാരിനെ ആക്രമിക്കാനുള്ള വടിനല്‍കലാവുമെന്നും സുര്‍ജേവാല സതീഷ് ജാര്‍ക്കിഹോളിയോട് പറഞ്ഞു. സമാനമനസ്‌കരായ എം.എല്‍.എമാര്‍ ഒരു യാത്രപോകണമെന്ന് പറഞ്ഞുവെന്നും അതിനാലാണ് താന്‍ അവരെ മൈസൂരുവിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായതെന്നും പിന്നീട് ജാര്‍ക്കിഹോളി പറഞ്ഞു. മൈസൂരുവില്‍നിന്നുള്ള ചില എം.എല്‍.എമാര്‍ തങ്ങളെ ക്ഷണിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് രാഷ്ട്രീയ മാനങ്ങളില്ലെന്നും സതീഷ് ജാര്‍ക്കിഹോളി വിശദീകരിച്ചു.
ശക്തിപ്രകടനമായിരുന്നോ യാത്രയുടെ ഉദ്ദേശമെന്ന ചോദ്യത്തോട് പ്രതികരിച്ച സതീഷ് ജാര്‍ക്കിഹോളി, നിലവില്‍ തനിക്ക് മാന്യമായ സ്ഥാനം നല്‍കിയിട്ടുണ്ടെന്നും എങ്ങനെയാണ് താന്‍ അസന്തുഷ്ടനാവുകയെന്നും ചോദിച്ചു. അടുത്ത് തന്നെ മറ്റൊരു യാത്ര പ്ലാന്‍ ചെയ്യുമെന്ന് പറഞ്ഞ ജാര്‍ക്കിഹോളി അത് മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ അനുമതിക്ക് ശേഷമായിരിക്കുമെന്നും വ്യക്തമാക്കി.
അതേസമയം, ബെലഗാവി, ചിക്കോഡി ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ജാര്‍ക്കിഹോളിക്ക് അസംതൃപ്തിയുണ്ടെന്ന് സൂചനകളുണ്ട്. അതിനാല്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന് ഒരു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും വിലയിരുത്തപ്പെടുന്നു. ബെലഗാവിയില്‍ മകനേയോ മകളേയോ സ്ഥാനാര്‍ഥിയാക്കാന്‍ സതീഷ് ജാര്‍ക്കിഹോളി ചരടുവലികള്‍ നടത്തിയിരുന്നു. കര്‍ണാടക പി.സി.സി. വര്‍ക്കിങ് പ്രസിഡന്റാണ് സതീഷ് ജാര്‍ക്കിഹോളി.