കുമ്പള: പന്നിക്കൂട്ടങ്ങള്‍ ബംബ്രാണ വയലിലെ കൃഷി നശിപ്പിക്കുന്നത് അസഹനീയമാവുന്നു. അഞ്ഞൂറ് ഏക്കറോളം പാടത്തെ നെല്‍കൃഷിയാണ് പ്രതിസന്ധി നേരിടുന്നത്. പന്നികള്‍ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ പലരും കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്നും പ്രശ്നത്തിന് പരിഹാരമായി കൃഷിയിടങ്ങള്‍ക്ക് കമ്പിവേലി സ്ഥാപിച്ച് സംരക്ഷണമൊരുക്കണമെന്നും ബംബ്രാണ പാടശേഖര സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വനവല്‍ക്കരണ വിഭാഗത്തിന്റെ കാറ്റാടിപ്പാടത്ത് തമ്പടിക്കുന്ന പന്നിക്കൂട്ടങ്ങളാണ് കൃഷി നശിപ്പിക്കാനെത്തുന്നത്. മുളക്, വിവിധ ഇനം പച്ചക്കറികള്‍, പഴങ്ങള്‍, കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവയുടെ കൃഷി, പന്നി ശല്യം കാരണം കര്‍ഷകര്‍ ഉപേക്ഷിച്ചിരിക്കുകയാണ്. നേരത്തെ ഉപ്പുവെള്ളം കയറുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ദിഡുമയില്‍ പുതിയ അണക്കെട്ട് വന്നതോടെ പ്രശ്നത്തിന് പരിഹാരമായിരുന്നു. ബംബ്രാണ അണക്കെട്ട് കൂടി യാഥാര്‍ഥ്യമാകുന്നതോടെ കൃഷി ചെയ്യാന്‍ കൂടുതല്‍ സൗകര്യമാകും. പന്നി ശല്യം ഒഴിവാക്കാന്‍ നടപടിയുണ്ടായാല്‍ ബംബ്രാണ വയലില്‍ പുതിയ കാര്‍ഷിക വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു.
രുഖ്മാകര ഷെട്ടി, കാദര്‍ ദിഡുമ, മൂസക്കുഞ്ഞി, നാഗരാജ് ഷെട്ടി, നിസാര്‍, പ്രഭാകര ഷെട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.