രാജ്യത്തെ രാജ്യത്തെ സ്‌കൂൾ വിദ്യാർഥികൾക്ക് പുതിയ തിരിച്ചറിയൽ കാർഡ് കൊണ്ടുവരാൻ കേന്ദ്രസർക്കാർ. 2020ൽ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ഭാഗമായിട്ടാണ് പുതിയ തിരിച്ചറിയൽ രേഖ വരുന്നത്. ഇത് സംബന്ധിച്ച നിർദേശം കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകി. എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ഇത് ബാധകമാകും
രക്ഷിതാക്കളുടെ അനുമതിയോടെയാകും പുതിയ കാർഡ് നടപ്പിലാക്കുക. ‘ഒരു രാജ്യം ഒറ്റ ഐഡി കാർഡ്’ എന്ന പദ്ധതിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്നത്. ഓട്ടോമേറ്റഡ് പെർമനന്റ് അകാദമിക് അകൗണ്ട് രജിസ്ട്രി (അപാർ) എന്നാണ് കാർഡിന്റെ പേര്. പ്രീ പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെ ഈ കാർഡ് ഉപയോഗിക്കാം.
പ്രി-പ്രൈമറി ക്ലാസ് മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഒറ്റ തിരിച്ചറിയൽ കാർഡ് നൽകുക. എഡുലോക്കർ എന്ന രീതിയിൽ കണക്കാക്കുന്ന അപാർ ഐഡി വിദ്യാർത്ഥികൾക്ക് ജീവിത കാലം മുഴുവനുമുള്ള തിരിച്ചറിയൽ കാർഡായിരിക്കും. ഇതിലൂടെ കുട്ടിയുടെ അക്കാദമിക് വിവരങ്ങളും നേട്ടങ്ങളും അറിയാനാവും. ആധാർ കാർഡിന് വേണ്ടി നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കിയാകും അപാർ ഐഡി തയ്യാറാക്കുക. രക്ത ഗ്രൂപ്പ്, പൊക്കം, തൂക്കം എന്നിവയുൾപ്പെടെ ശേഖരിക്കും.
രാജ്യത്തെ എല്ലാ വിദ്യാർത്ഥികളുടെയും ക്യു ആർ കോഡായിരിക്കും അപാർ കാർഡ്. അവരുടെ എല്ലാ കഴിവുകളെയും നേട്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ലഭിക്കുമെന്ന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ചെയർമാൻ ( എഐസിടിഇ) ടി.ജി സീതാരാമൻ പറഞ്ഞു.