പാക് പതാക വിവാദം; മാര്‍ക്കറ്റിങ് മാനേജര്‍ രാജി പിന്‍വലിച്ചെന്ന് ലുലുഗ്രൂപ്പ്‌

0
186

കൊച്ചി ലുലു മാളിൽ ഇന്ത്യൻ പതാകയെക്കാൾ ഉയരത്തിൽ പാക് പതാക പ്രദർശിപ്പിച്ചെന്ന വ്യാജവാർത്തയെ തുടർന്ന് രാജിവച്ച ആതിര നമ്പ്യാതിരി രാജി പിൻവലിച്ച് ശനിയാഴ്ച ജോലിയിൽ പ്രവേശിക്കുമെന്ന് ലുലു മാൾ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. തീവ്രഹിന്ദുത്വവാദികളുടെ നുണപ്രചാരണത്തെ തുടർന്ന് ലുലു ഗ്രൂപ്പ് സ്വീകരിച്ച് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്യപ്പെട്ട ആതിര സസ്പെന്ഷൻ അംഗീകരിക്കാതെ ജോലിയിൽ നിന്ന് രാജിവയ്ക്കുകയായിരുന്നു.

ലുലു മാൾ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മാനേജർ ആയിരുന്നു ആതിര. പ്രതീഷ് വിശ്വനാഥ് ഉൾപ്പെടെയുള്ള തീവ്രഹിന്ദുത്വവാദികളുടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളാണ് അച്ചടക്ക നടപടിയിലേക്ക് നയിച്ചത്. 2014 മുതൽ ആതിര ലുലു ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ഒരു ദശാബ്ദം മുഴുവൻ ഒരു കമ്പനിക്കായി സമർപ്പിച്ചശേഷം വ്യാജപ്രചാരണങ്ങളും സോഷ്യൽ മീഡിയയിലെ സെൻസേഷണലിസവും കാരണം ഒരു ദിവസം ജോലി നഷ്ടപ്പെടുന്നത് വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് ആതിര തന്റെ ലിങ്ക്ഡ് ഇൻ പേജിൽ കുറിച്ചു.

ലുലു മാളിൽ ഇന്ത്യൻ പതാകയെക്കാൾ ഉയരത്തിൽ പാകിസ്ഥാൻ പതാക പ്രദർശിച്ചുവെന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്നും, തന്നെയും കമ്പനിയെയും ഇത് ഒരുപോലെ ബാധിക്കുകയും കമ്പനിക്ക് തന്നെ സസ്‌പെൻഡ് ചെയ്യേണ്ടിയും വന്നുവെന്ന് ആതിര നേരത്തെ ദ ഫോർത്തിനോട് പറഞ്ഞിരുന്നു. കമ്പനിയുടെ സസ്പെന്ഷൻ നിരസിച്ച് ആതിര രാജിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ അലങ്കാരങ്ങളുടെ ഭാഗമായി നിരവധി രാജ്യങ്ങളുടെ പതാകകൾ മാളിൽ ഉയർത്തിയിരുന്നു. ഇതിനെതിരെയാണ് വ്യാജപ്രചരണം നടന്നത്. മാളിൽ പ്രദർശിപ്പിച്ച പതാകകൾ എല്ലാം ഒരേ ഉയരത്തിലായിരുന്നു. എന്നാൽ മുകളിലെ നിലകളിൽ നിന്ന് ഫോട്ടോ എടുക്കുമ്പോൾ ചില പതാകയ്ക്ക് വലുപ്പം കൂടുതലുള്ളതായി തോന്നുമെന്നു ലുലു ഗ്രൂപ്പ് വിശദീകരിക്കുകയും, ഒരേ ഉയരത്തിലുള്ള പതാകയുടെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. വ്യാജപ്രചരണം പുറത്തുവരികയും ആതിരയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിനുമെതിരെ വ്യാപകമായ വിമര്ശനങ്ങളുമുയർന്ന സാഹചര്യത്തിലാണ് രാജി പിൻവലിച്ച് ആതിര ശനിയാഴ്ച ജോലിയിൽ പ്രവേശിക്കുന്നതായുള്ള വിവരം ലുലു ഗ്രൂപ്പ് അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here