കുമ്പള ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി വി ശിവന്‍കുട്ടി 16-ന് ഉദ്ഘാടനം ചെയ്യും

0
169

കുമ്പള: ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തിയായ ബഹുനില കെട്ടിടം 16-ന് ഉച്ചയ്ക്ക് 2.30 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ കുമ്പള പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ എ.കെ.എം.അഷ്‌റഫ് എം.എല്‍.എ അധ്യക്ഷനാകും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയാകും.

അഞ്ചു ക്ലാസുമുറികള്‍ വീതം മൂന്നു നിലകളിലായി 1205.50 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് ഒരുങ്ങിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കാവശ്യമായ ശുചി മുറികളും പണിതിട്ടുണ്ട്. ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടര്‍ലാബ്, സയന്‍സ് ലാബ്, പാചകപ്പുര, കൗണ്‍സിലിംഗ് റൂം, ഐഇഡി റൂം, സ്റ്റേജ് എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു.

ഹൈസ്‌കൂളില്‍ 1679 കുട്ടികളും ഹയര്‍ സെക്കന്ററിയില്‍ 605 കുട്ടികളും ഉള്‍പ്പടെ 2283 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. അക്കാദമിക മികവിനാലും കലാകായിക മേഖലകളിലെ മികച്ച പ്രകടനം കൊണ്ടും കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ പ്രമുഖ ഗവണ്‍മെന്റ് വിദ്യാലയമാണ് കുമ്പള ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.

സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി മൂന്നു കോടി കിഫ്ബി ഫണ്ടിലൂടെ അനുവദിച്ച സ്‌ക്കൂള്‍ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ 2020 നവംബര്‍ നാലിന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നിവഹിക്കുകയുണ്ടായി.

2020-21 സാമ്പത്തിക വര്‍ഷം കാസര്‍കോട് ജില്ലാപഞ്ചായത്ത് അനുവദിച്ചു പൂര്‍ത്തീകരിച്ച വിശ്രാന്തി കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ചടങ്ങില്‍ നിര്‍വഹിക്കും.

ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍,സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ അണിനിരക്കുന്ന ഘോഷയാത്ര പഞ്ചായത്ത് പരിസരത്തു നിന്നും ആരംഭിച്ചു ടൗണ്‍ ചുറ്റി സ്‌കൂളില്‍ പ്രവേശിക്കും.

പത്രസമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് എ കെ ആരിഫ്, പ്രധാന അധ്യപിക പി.ആര്‍ ശൈലജ ടീച്ചര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ മുഹമ്മദ് അലി മാവിനെ കട്ട, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ബി എ റഹ്മാന്‍ ആരിക്കാടി, കണ്‍വീനര്‍ കെ എം മൊയ്ദീന്‍ അസീസ്, എസ് എം സി ചെയര്‍മാന്‍ കെ വി യൂസഫ് , മുഹമ്മദ് അറബി ഉളുവാര്‍, അന്‍സാര്‍ അംഗടിമുഗര്‍, മധുസൂദനന്‍ മാസ്റ്റര്‍ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here