ന്യൂഡല്‍ഹി: ഇന്ത്യയിലെ 20 കോടി മുസ്ലിം ജനത സയണിസ്റ്റ് അധിനിവേശത്തിന്റെ ഇരകളായ ഫലസ്തീനൊപ്പമുണ്ടെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പ്രസ്താവിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഫലസ്തീന് വേണ്ടി പ്രാര്‍ഥന നടത്താന്‍ ആഹ്വാനംചെയ്ത ബോര്‍ഡ്, ഇന്ന് ജുമുഅ നിസ്‌കാരത്തില്‍ നാസിലത്തിന്റെ ഖുനൂത്ത് (വിഷമകരമായ സമയത്തുള്ള പ്രത്യേക പ്രാര്‍ഥന) ഓതാനും അഭ്യര്‍ഥിച്ചു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും വാജ്‌പേയിയുടെയും കാലത്തെ പാരമ്പര്യത്തില്‍ നിന്ന് ഭിന്നമായുള്ള നിലപാടാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചതെന്ന് ബോര്‍ഡ് അധ്യക്ഷന്‍ മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി കുറ്റപ്പെടുത്തി.
ഫലസ്തീനികളുടെ ഭൂമി അവര്‍ക്ക് തിരികെ കൊടുക്കുകയെന്ന യു.എന്നിന്റെ നിലപാടിന് വിരുദ്ധമായുള്ള നയം സ്വീകരിച്ച പ്രദാനമന്ത്രിയുടെ നടപടി നിര്‍ഭാഗ്യകരമാണ്. ഇപ്പോള്‍ ഹമാസ് തുടങ്ങിവച്ച ആക്രമണങ്ങളുടെ ഉത്തരവാദിത്തവും ഇസ്‌റാഈലിനാണ്. കാരണം ഗത്യന്തരമില്ലാതെയാണ് ഹമാസ് തിരിച്ചടിക്കുന്നത്. അധിനിവേശത്തിന്റെ ഇരകളായ ഫലസ്തീനികള്‍ക്കൊപ്പം നിലകൊള്ളാന്‍ എല്ലാവര്‍ക്കും ബധ്യതയുണ്ടെന്നും ബോര്‍ഡ് ആഹ്വാനംചെയ്തു.