ലോകകപ്പിലെ സെഞ്ചുറി വീരനായി രോഹിത് ശര്‍മ്മ; സച്ചിനെ മറികടന്ന് ലോകറെക്കോർഡ്

0
207

ദല്‍ഹി: ലോകകപ്പില്‍ പുത്തന്‍ റെക്കോഡ് കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റ്ന്‍ രോഹിത് ശര്‍മ്മ. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതിന്റെ ചീത്തപ്പേര് അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തില്‍ കഴുകി കളയുകയാണ് രോഹിത് ശര്‍മ്മ. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരം എന്ന റെക്കോഡ് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറില്‍ നിന്ന് സ്വന്തം പേരിലാക്കിയിരിക്കുകയാണ് രോഹിത് ശര്‍മ്മ.

ലോകകപ്പില്‍ ഏഴ് സെഞ്ച്വറികളാണ് രോഹിത് ശര്‍മ്മയുടെ സമ്പാദ്യം. പതിറ്റാണ്ടുകളായി സച്ചിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് രോഹിത് സ്വന്തം പേരിലാക്കിയിരിക്കുന്നത്. 2015 എഡിഷനിലാണ് രോഹിത് തന്റെ ലോകകപ്പ് യാത്ര ആരംഭിച്ചത്. ബംഗ്ലാദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ സെഞ്ച്വറിയടക്കം ആ സീസണില്‍ 330 റണ്‍സ് നേടി. 2019 എഡിഷനില്‍ അഞ്ച് സെഞ്ച്വറിയടിച്ച് ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് രോഹിത് സ്വന്തം പേരിലാക്കി.

648 റണ്‍സുമായി രോഹിത് ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറിയിരുന്നു. നിലവില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം ആറ് സെഞ്ചുറികളുമായി രോഹിത് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരം എന്ന റെക്കോഡ് പങ്കിടുകയായിരുന്നു. ഇതാണ് ഇപ്പോള്‍ രോഹിത് തകര്‍ത്തിരിക്കുന്നത്. ലോകകപ്പിലെ അതിവേഗ സെഞ്ച്വറി എന്ന റെക്കോഡും രോഹിത് ഇന്നത്തെ മത്സരത്തോടെ നേടി.

72 പന്തില്‍ 100 നേടിയ കപില്‍ ദേവിന്റെ റെക്കോഡാണ് രോഹിത് പഴങ്കഥയാക്കിയത്. 63 പന്തിലാണ് രോഹിത് സെഞ്ച്വറി കുറിച്ചത്. ലോകകപ്പില്‍ 1000 റണ്‍സ് എന്ന നേട്ടവും രോഹിത് ഇന്ന് സ്വന്തം പേരിലാക്കി. ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ച താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണറിനൊപ്പം പങ്കിടുകയാണ്. ഈ ലോകകപ്പിന് മുന്‍പ് 17 ഇന്നിംഗ്സുകളില്‍ നിന്ന് 978 റണ്‍സായിരുന്നു രോഹിത് ശര്‍മ്മയുടെ സമ്പാദ്യം.

32 റണ്‍സായിരുന്നു രോഹിത് ശര്‍മ്മക്ക് 1000 എന്ന മാജിക് നമ്പര്‍ മറികടക്കാന്‍ വേണ്ടിയിരുന്നത്. ഇതാണ് ഇന്ന് രോഹിത് മറികടന്നിരിക്കുന്നത്. 19-ാം ഇന്നിംഗ്‌സിലാണ് രോഹിത് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും 19 ഇന്നിംഗ്‌സിലാണ് 1000 റണ്‍സ് നേടിയത്. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരം എന്ന റെക്കോഡും ഈ മത്സരത്തിലൂടെ രോഹിത് ശര്‍മ്മ സ്വന്തമാക്കി.

ക്രിസ് ഗെയ്‌ലിന്റെ 553 സിക്‌സ് എന്ന റെക്കോഡാണ് രോഹിത് ശര്‍മ്മ പഴങ്കഥയാക്കിയത്. ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ സൗരവ് ഗാംഗുലിയേയും രോഹിത് ശര്‍മ്മ മറികടന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോഹ്ലിയുമാണ് ഇനി രോഹിതിന് മുന്നിലുള്ളത്. ലോകകപ്പ് മത്സരത്തിലെ ആദ്യ പത്തോവറിനുള്ളില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം എന്ന നേട്ടത്തില്‍ സച്ചിനൊപ്പമെത്താനും രോഹിതിന് സാധിച്ചു. 2003 ലെ ലോകകപ്പില്‍ പാകിസ്ഥാനെതിരെ സച്ചിന്‍ പത്തോവറിനുള്ളില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here