ഹൈദരാബാദ്: ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ പാക് ഫീല്‍ഡര്‍മാര്‍ ബൗണ്ടറിയില്‍ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ഒരു വിഭാഗം ആരാധകര്‍. വലിയ സ്കോര്‍ പിറന്ന ശ്രീലങ്ക-പാകിസ്ഥാന്‍ മത്സരത്തിനിടെ പാക് ഫീല്‍ഡര്‍മാര്‍ ബോധപൂര്‍വം ബൗണ്ടറി റോപ്പ് തള്ളിവെച്ചുവെന്നാണ് ചിത്രങ്ങള്‍ സഹിതം ആരാധകര്‍ ആരോപിക്കുന്നത്. ശ്രീലങ്കക്കായി വെടിക്കെട്ട് സെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസിനെ(77 പന്തില്‍122) ഇമാം ഉള്‍ ഹഖ് ബൗണ്ടറിക്കരികില്‍ ക്യാച്ചെടുത്തത് ഇത്തരത്തില്‍ ബൗണ്ടറി റോപ്പ് തള്ളി നീക്കയതിന്‍റെ ആനുകൂല്യത്തിലാണെന്നും ആരാധകര്‍ ആരോപിക്കുന്നു.
ശ്രീലങ്കന്‍ ഇന്നിംഗ്സിലെ 29-ാം ഓവറിലാണ് ഹസന്‍ അലിയുടെ പന്തില്‍ കുശാല്‍ മെന്‍ഡിസിനെ ഇമാം ബൗണ്ടറിയില്‍ കൈപ്പിടിയിലൊതുക്കിയത്. പന്ത് കൈയിലൊതുക്കിയശേഷം നിയന്ത്രണം തെറ്റി വീണ ഇമാം ബൗണ്ടറി റോപ്പ് യഥാര്‍ഥ സ്ഥാനത്തായിരുന്നെങ്കില്‍ റോപ്പിന് മുകളിലായിരുന്നു വീഴേണ്ടിയരുന്നത്. എന്നാല്‍ ബൗണ്ടറി റോപ്പ് നീക്കിവെച്ചതിനാല്‍ അത് ക്യാച്ചായി ഇല്ലെങ്കില്‍ സിക്സ് ആയേനെ എന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.