ഏകദിന ലോകകപ്പില്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഡെങ്കിപ്പനി ബാധിതനായ താരം നിലവില്‍ നിരീക്ഷണത്തിലാണ്. ഗില്ലിന് പകരമായി ഇഷാന്‍ കിഷനെ ഓപ്പണിംഗില്‍ ഇറക്കിയെങ്കിലും താരത്തിന് വേണ്ടവിധം തിളങ്ങാനായില്ല. ഇപ്പോഴിതാ ഗില്ലിന് പകരം കളിക്കാന്‍ രണ്ട് കളിക്കാരെ ഇന്ത്യ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം.
ലഭിക്കുന്ന വിവരം അനുസരിച്ച് യശ്വസി ജയ്സ്വാളിനും ഋതുരാജ് ഗെയ്ക്വാദിനുമാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. ഏകദിന ലോകകപ്പിലേക്ക് ഗില്ലിന്റെ പകരക്കാരനായി ജയ്സ്വാളിനെ കൊണ്ടുവരാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനമാണ് യശ്വസി ജയ്സ്വാള്‍ കാഴ്ചവെച്ചത്.
ഡെങ്കിപ്പനി ബാധിച്ച ഗില്ലിന് ഓസ്ട്രേലിയക്കെതിരായ മത്സരം നഷ്ടമായിരുന്നു. ഇതിന് പുറമേ വരാനിരിക്കുന്നഅഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരായ മത്സരവും താരത്തിന് നഷ്ടമാകുമെന്നാണ് വിവരം.
ഡെങ്കിപ്പനിയെ തുടര്‍ന്ന് ഗില്ലിന് പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞിരുന്നു. അതിന് പിന്നാലെ താരത്തെ വീണ്ടും ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഗില്‍ കളിക്കില്ല. ഈ മാസം 14 ന് പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ പൂര്‍ണ്ണ ആരോഗ്യവാനാണെങ്കില്‍ താരത്തിന് ഇറങ്ങാനാകൂ.